പൃഥ്വിരാജിനെയും ടീം ഖലീഫയെയും വരവേല്‍ക്കാന്‍ ലുലു സൗദി ; റിയാദ് മലാസിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഘം എത്തുന്നത്

റിയാദ്: ഓണം റിലീസായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യുടെ പ്രചാരണാർഥം പ്രശസ്ത സിനിമാ താരം പൃഥ്വിരാജും അണിയറപ്രവർത്തകരും റിയാദിലെത്തുന്നു. റിയാദിൽ ആദ്യമായെത്തുന്ന പൃഥ്വിരാജിനെയും സംഘത്തെയും വരവേൽക്കാൻ ലുലു സൗദിയും ഡിജിറ്റൽ ഡയ്നോ ഇവന്റ് കമ്പനിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലാസിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ് അരീനയിലാണ് ചടങ്ങ് നടക്കുക. ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ആരംഭിക്കുന്ന പ്രമോഷൻ പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഓഗസ്റ്റ് 20-ന് തീയറ്ററുകളിലെത്തും. നടൻ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്ക് താരം മാളവിക ശർമയാണ് നായിക. മാളവികയുടെ കന്നി മലയാള ചിത്രം കൂടിയാണിത്.
‘പോക്കിരി രാജ’ക്ക് ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നത്. ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും ചെയ്സ് സീനുകളും നിറഞ്ഞ മാസ് കോമേഴ്സ്യൽ എന്റർടെയ്നറായാണ് ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. റിയാദിൽ ആദ്യമായെത്തുന്ന പ്രിയതാരത്തെയും സിനിമയുടെ അണിയറപ്രവർത്തകരെയും നേരിൽ കാണാനുള്ള ആവേശത്തിലാണ് ഗൾഫിലെ ചലച്ചിത്ര പ്രേമികൾ.
