എഫ്.സി.ആര്.എ. ഭേദഗതി ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: കെ.സി. വേണുഗോപാല്‍

ആലപ്പുഴ: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ കൊണ്ടുവരുന്നത് ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും (എൻ.ജി.ഒ) ലക്ഷ്യംവെച്ചാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിദേശത്തുനിന്ന് വൻതോതിൽ സംഭാവനകൾ സ്വീകരിക്കുന്ന ആർ.എസ്.എസിനെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് തന്റേടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾക്കെതിരായ അതിക്രമത്തിൽ വിശദീകരണം നൽകാതെ ബിൽ പാസാക്കാൻ വേണ്ടി മാത്രം ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് വെടിയുണ്ടകൾ ഉപയോഗിക്കാൻ ഉത്തരവിട്ടതാരെന്ന് അമിത് ഷാ വ്യക്തമാക്കിയില്ലെങ്കിൽ പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കില്ല. സഭാ നടപടികളിൽ പങ്കടുക്കാതെ ആഭ്യന്തരമന്ത്രി ഭീരുവിനെപ്പോലെ പാർലമെന്റിലെ മുറികളിൽ ഒളിച്ചിരിക്കുകയാണെന്നും ഭേദഗതി ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർവകക്ഷിയോഗം വിളിച്ച് സമവായമുണ്ടാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. രാജ്യത്തെ ബാധിക്കുന്ന ഡീലിമിറ്റേഷൻ, എഫ്.സി.ആർ.എ പോലെയുള്ള നിയമനിർമാണങ്ങൾ ലാഘവത്തോടെ നടപ്പാക്കാമെന്ന് മോദി ഭരണകൂടം കരുതരുത്. ഇതിൽ ഫലപ്രദമായ ചർച്ചകൾക്ക് മുമ്പ് വിദ്യാർഥികൾക്കെതിരായ അതിക്രമത്തിൽ കേന്ദ്രം മറുപടി നൽകണം. ഡീലിമിറ്റേഷൻ ബില്ലിനെക്കുറിച്ചുള്ള നിലപാട് ഡി.എം.കെ വ്യക്തമാക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ‘ജെൻ സി’ (Gen Z) തലമുറയുടെ പിന്തുണയില്ലെന്ന പ്രചാരണം തെറ്റാണ്. പരീക്ഷാ തട്ടിപ്പിനെതിരെ കോട്ടയിലും ഡെറാഡൂണിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തത് യഥാർത്ഥ ‘ജെൻ സി’ തലമുറയാണ്. അലഹബാദിലെ ‘ഛാത്രോം കീ ഗൂഞ്ച്’ സമ്മേളനം തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിച്ചതായും കെ.സി വേണുഗോപാൽ ആരോപിച്ചു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ ധൃതി അത്ഭുതപ്പെടുത്തുന്നതാണ്. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, സർക്കുലർ ഇറക്കിയ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാൻ ശേഷിയുള്ള സർക്കാർ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
