ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്, ഇന്ത്യയിലേക്ക് റെയിൽപാത പരിഗണിച്ച് റഷ്യ

വാഷിങ്ടൺ / മോസ്കോ: റഷ്യയിൽനിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യു.എസ് സെനറ്റ് പാസാക്കി. ഇനി യു.എസ് ജനപ്രതിനിധി സഭയുടെ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. നിയമം നടപ്പിലായാൽ ഇന്ത്യ-അമേരിക്ക വ്യാപാര മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.
അതിനിടെ, പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുമായുള്ള ചരക്കുനീക്കം തടസ്സമില്ലാതെ തുടരാൻ പുതിയ റെയിൽപാത നിർമിക്കുന്ന കാര്യം റഷ്യ പരിഗണിക്കുന്നു. തന്ത്രപ്രധാനമായ ഹോർമുസ്, തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കുകളിലെ സുരക്ഷാ ഭീഷണികൾ ഒഴിവാക്കുകയാണ് പുതിയ ബദൽ പാതയിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. റഷ്യൻ ഉപപ്രധാനമന്ത്രി മരറ്റ് ഖുസ്നലിൻ ഒരു അഭിമുഖത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന വിധത്തിലാണ് പുതിയ റെയിൽ ഇടനാഴി ഭാവനയിൽ കാണുന്നത്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, ഊർജ വിതരണം തടസ്സമില്ലാതെ തുടരുകയാണ് പ്രധാന ലക്ഷ്യം. നിലവിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് വഴിത്താര അടഞ്ഞതോടെ ആഗോള തലത്തിൽ എണ്ണ വ്യാപാരത്തിൽ 25 ശതമാനവും എൽ.എൻ.ജി വ്യാപാരത്തിൽ 20 ശതമാനവും കുറവുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഊർജ പ്രതിസന്ധികൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെങ്കിലും പദ്ധതി നിലവിൽ പ്രാഥമിക നിർദേശ തലത്തിൽ മാത്രമാണ്. പാതയുടെ കൃത്യമായ ദൈർഘ്യം, നിർമാണച്ചെലവ്, കമീഷൻ ചെയ്യുന്ന തീയതി എന്നിവയിൽ തീരുമാനമായിട്ടില്ല.
