‘പുരസ്കാരങ്ങള് രാഷ്ട്രീയ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായിരിക്കണം’; ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ ചന്തു സലീം കുമാർ

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ തന്റെ വിയോജിപ്പ് പരസ്യമാക്കി നടൻ ചന്തു സലിം കുമാർ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. അവാർഡുകൾ രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടിയുള്ളതാകരുതെന്നും, അത് സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ട കലയുടെ മികവിനുള്ള തെളിവായിരിക്കണമെന്നും ചന്തു കുറിച്ചു.
‘2050 ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല.
സ്ക്രീനിൽ കാണുന്നത് മാത്രം അവർ വിലയിരുത്തും. മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിൽ, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും. പ്രതിഭയേക്കാൾ ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകൾ നൽകുന്ന ഉത്തരമെങ്കിൽ, ചരിത്രം അതാവും ഓർമിക്കുക.
ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും. പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്. അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം.
അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ, ചരിത്രം ഇവയെ അക്കാലത്തെ മികച്ച ചിത്രങ്ങളായി ഓർക്കില്ല- പ്രതിഭയേക്കാൾ അധികാരത്തിന് പ്രാധാന്യം നൽകിയപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും അവയെ ഓർമിക്കുക’.- ചന്തു കുറിച്ചു. നാഷണൽ സിനിമാറ്റിക് അവാർഡ്സ് എന്ന ഹാഷ്ടാഗോടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.
