ഇനി വസ്ത്രങ്ങൾക്കും തീവിലയാകുമോ? ഇന്ത്യൻ വസ്ത്രവിപണിയെ അങ്കലാപ്പിലാക്കി ആശങ്ക; വിലകൂടാൻ കാരണം പശ്ചിമേഷ്യയിലെ യുദ്ധം
കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും വരും ദിവസങ്ങളിൽ വസ്ത്രങ്ങളുടെ വില കുത്തനെ കൂട്ടിയേക്കും. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് നിർമിക്കുന്ന പോളിസ്റ്റർ, നൈലോൺ, സ്പാൻഡെക്സ് തുടങ്ങിയ സിന്തറ്റിക് നാരുകളുടെ ഉൽപ്പാദനത്തെ എണ്ണവില വർധന സാരമായി ബാധിക്കുന്നതാണ് പ്രധാന കാരണം.

ഉൽപ്പാദന പ്രതിസന്ധി: അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കാരണം ചൈനയിലെ സിന്തറ്റിക് ഫൈബർ ഉൽപ്പാദനം 11 ശതമാനത്തോളം കുറഞ്ഞു.
പരുത്തി വസ്ത്രങ്ങളും സുരക്ഷിതമല്ല: വളം നിർമാണത്തിനുള്ള പ്രകൃതിവാതകത്തിന് ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നതിനാൽ കോട്ടൺ വസ്ത്രങ്ങളുടെ ഉൽപ്പാദനച്ചെലവും ഉയരുകയാണ്. നിലവിൽ ആഗോളതലത്തിൽ പരുത്തി ശേഖരം പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
നിലവിലെ സംഭരിച്ച വെച്ച അസംസ്കൃത വസ്തുക്കൾ തീരുന്നതോടെ 2027-28 സാമ്പത്തിക വർഷത്തോടെ വസ്ത്രവിപണിയിൽ പ്രതിസന്ധിയും ദീർഘകാല വിലക്കയറ്റവും പ്രകടമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
