പലപ്പോഴും രോഗി പോലും തിരിച്ചറിയാതെ പോകുന്ന അവസ്ഥ; എന്താണ് ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ?

പലപ്പോഴും രോഗി പോലും തിരിച്ചറിയാതെ പോകുന്ന അവസ്ഥ; എന്താണ് ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ? വിഷാദരോഗം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് മുറിക്കുള്ളിൽ അടച്ചിരിക്കുന്നവരുടെയും, ആരുമായും സംസാരിക്കാതെ ഒറ്റപ്പെട്ടിരിക്കുന്നവരുടെയും ചിത്രമാണ്. എന്നാൽ പുറമെ സാധാരണ ജീവിതം നയിക്കുകയും, ഉള്ളിൽ കടുത്ത വിഷാദം അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അതിനെയാണ് ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ എന്ന പറയുന്നത്. പലപ്പോഴും രോഗി പോലും തിരിച്ചറിയാതെ പോകുന്ന ഈ അവസ്ഥയെക്കുറിച്ചും ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കാം.
എന്താണ് ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ?
ദിവസവും കൃത്യമായി ഓഫീസിൽ പോകുക, ഇമെയിലുകൾക്ക് മറുപടി നൽകുക, കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുക, സൗഹൃദങ്ങളിൽ മുൻപന്തിയിൽ നിൽക്കുക തുടങ്ങി പുറമെ കാണുന്നവർക്ക് ഇവരുടെ ജീവിതത്തിൽ യാതൊരു പ്രശ്നങ്ങളും ഉള്ളതായി തോന്നില്ല. എന്നാൽ ഉള്ളിൽ തികച്ചും വൈകാരികമായ ശൂന്യതയും മരവിപ്പുമാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ വിഷാദരോഗമുള്ളവർക്ക് പ്രതിദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ, ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ഉള്ളവർ തങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി ചെയ്തുതീർക്കും. ഇതാണ് ഈ രോഗം തിരിച്ചറിയാൻ വൈകുന്നതിന് പ്രധാന കാരണം.
ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
വികാരങ്ങളിലെ മരവിപ്പ്- അമിതമായ സങ്കടത്തേക്കാൾ ഉപരി വികാരങ്ങളില്ലാത്ത അവസ്ഥ.
2. സന്തോഷം നഷ്ടപ്പെടൽ- പണ്ട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ നിന്നോ വിനോദങ്ങളിൽ നിന്നോ സന്തോഷം കണ്ടെത്താൻ കഴിയാതെ വരിക.3. മാറാത്ത ക്ഷീണം- മതിയായ ഉറക്കമോ വിശ്രമമോ ലഭിച്ചാലും മാറാത്ത കടുത്ത ക്ഷീണം.
4. ജീവിതത്തോട് വിമുഖത- കർത്താവ്യങ്ങൾ നിറവേറ്റുമ്പോഴും ജീവിതത്തിൽ നിന്ന് താൻ വിച്ഛേദിക്കപ്പെട്ടു എന്ന തോന്നൽ.
ലക്ഷണങ്ങൾ അവഗണിച്ചാൽ സംഭവിക്കുന്നത്
ഉത്തരവാദിത്തങ്ങൾ അമിതമായി ഏറ്റെടുത്തും, എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതരായും പലരും ഈ അവസ്ഥയെ മറച്ചുവെക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ കൃത്യമായ പരിഹാരം കണ്ടില്ലെങ്കിൽ ഇത് താഴെ പറയുന്ന അവസ്ഥകൾക്ക് കാരണമാകും.
കടുത്ത മനോവിഷമത്തിലേക്ക് നയിക്കാം.
2. വ്യക്തിബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാം.
3. ഭാവിയിൽ കൂടുതൽ ഗുരുതരമായ വിഷാദരോഗ ഘട്ടത്തിലേക്ക് മാറാം.
എപ്പോഴാണ് സഹായം തേടേണ്ടത്?
സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ സാധിക്കുന്നു എന്നതിനർത്ഥം ഒരാൾ മാനസികമായി പൂർണ്ണ ആരോഗ്യവാനാണ് എന്നല്ല. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ആഴ്ചകളോളമായി ഉള്ളിൽ ശൂന്യതയോ മരവിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ
2. ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ
3. കടുത്ത നിരാശ മനസ്സിൽ നിരന്തരം ഉണ്ടെങ്കിൽ
ഇത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാൻ മടിക്കരുത്. മാനസികാരോഗ്യ വിദഗ്ദ്ധരെ കാണുന്നത് കാര്യങ്ങൾ ഗുരുതരമായതുകൊണ്ടല്ല, മറിച്ച് ശരിയായ രീതിയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ആദ്യപടിയാണ്.
