ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. വിഷ്ണു വർധൻ റെഡ്ഡി

ദുബായ്: ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. എമ്മാടി വിഷ്ണു വർധൻ റെഡ്ഡിയെ നിയമിച്ചു. ഇന്ത്യൻ കോൺസുലേറ്റാണ് നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവിലെ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന് പകരമായാണ് ഡോ. റെഡ്ഡി ചുമതലയേൽക്കുന്നത്.
2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനാണ് ഡോ. വിഷ്ണു വർധൻ റെഡ്ഡി. മാഡ്രിഡിലെ ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ള വിവിധ നയതന്ത്ര ദൗത്യങ്ങളിൽ ഉഭയകക്ഷി-ബഹുമുഖ ബന്ധങ്ങൾ കൈകാര്യം ചെയ്ത് മികച്ച പരിചയസമ്പത്തുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ വെസ്റ്റ് യൂറോപ്പ്, ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയൻ, എക്സ്റ്റേണൽ പബ്ലിസിറ്റി തുടങ്ങിയ പ്രധാന വിഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ റീജിയണൽ പാസ്പോർട്ട് ഓഫീസറായും തെലങ്കാന സർക്കാരിന് കീഴിൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്മെന്റ് സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഡോ. റെഡ്ഡിയുടെ ആദ്യ നയതന്ത്ര നിയമനമാണിത്. യു.എ.ഇയിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സേവനങ്ങളും ഉറപ്പാക്കുന്നതിൽ പുതിയ കോൺസൽ ജനറലിന്റെ നേതൃത്വം നിർണായകമാകും.
