ജയം സാൻ്റോസിന്, വിവാദം നെയ്മറിന്; മത്സരശേഷം പ്രകോപനപരമായ പെരുമാറ്റം

റിയോ ഡി ജനീറോ: കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ റെമോയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സാൻ്റോസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചെങ്കിലും, മത്സരശേഷമുള്ള നെയ്മർ ജൂനിയറിന്റെ പ്രകോപനപരമായ പെരുമാറ്റം പുതിയ വിവാദത്തിന് തിരികൊളുത്തി.
മംഗേറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്തുപേരായി ചുരുങ്ങിയ റെമോയെ 1-0 എന്ന സ്കോറിനാണ് സാൻ്റോസ് മറികടന്നത്. എന്നാൽ ടീമിന്റെ വിജയത്തേക്കാൾ മൈതാനത്തും മിക്സഡ് സോണിലും നെയ്മർ നടത്തിയ വിവാദപരമായ ഇടപെടലുകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം.
ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ റെമോയുടെ താരങ്ങളെയും സപ്പോർട്ടിംഗ് സ്റ്റാഫുകളെയും ലക്ഷ്യമിട്ട് “പുറത്തായി… പുറത്തായി…” എന്ന് നെയ്മർ ആവർത്തിച്ച് ആക്രോശിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ റെമോ ക്ലബ് പ്രസിഡന്റ് ആൻ്റണിയോ കാർലോസ് ടെക്സീറയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
