‘കൈവിടില്ലമ്മ…’; മരിച്ച കുഞ്ഞിനെയും കൊണ്ട് അമ്മ ഡോൾഫിൻ നീന്തിയത് ആറ് ദിവസം; നോവായി വീഡിയോ

പശ്ചിമ ഓസ്ട്രേലിയ: മരിച്ച കുഞ്ഞിന്റെ ജഡവുമായി അമ്മ ഡോൾഫിൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീന്തിയത് ആറു ദിവസത്തോളം. ഹൃദയഭേദകമായ ഈ കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്ട്രേലിയൻ സമുദ്ര സംരക്ഷണ സംഘടനയായ ‘ജിയോഗ്രാഫ് മറൈൻ റിസർച്ച്’ (Geographe Marine Research) ഡ്രോണിന്റെ സഹായത്തോടെയാണ് ഈ ദൃശ്യങ്ങൾ പകർത്തയത്.
‘ഫ്രാഗിൾ’ (Fraggle) എന്നു പേരുള്ള പെൺ ഡോൾഫിനാണ് രണ്ടാഴ്ച മാത്രം പ്രായമുള്ള തന്റെ കുഞ്ഞ് ചെന്നിട്ടും അതിനെ ഉപേക്ഷിക്കാൻ തയാറാകാതെ ഒപ്പം കൊണ്ടുനടന്നത്. നീന്തുമ്പോൾ തിരമാലകളിൽ തട്ടി കുഞ്ഞിന്റെ ശരീരം താഴേക്ക് വഴുതിപ്പോകുമ്പോഴെല്ലാം, അതീവ ജാഗ്രതയോടെ അത് വീണ്ടും മുകളിലേക്ക് താങ്ങിയെടുത്ത് മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഫ്രാഗിളിന്റെ ഈ ദുഃഖത്തിൽ പങ്കുചേരാൻ മറ്റു ഡോൾഫിനുകളും ഒപ്പമുണ്ടായിരുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കി. മാതൃസ്നേഹത്തിന്റെ ആഴം വിളിച്ചോതുന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം ലോകശ്രദ്ധ നേടിയിട്ടുണ്ട്.
