കര്‍ശനമായ ഡയറ്റുമില്ല, വർക്ക്ഒൗട്ടും ഇല്ല! ഈസിയായി 10 കിലോ കുറയ്ക്കാം

കഠിനമായ പട്ടിണികിടക്കലോ മണിക്കൂറുകൾ നീളുന്ന ജിം വ്യായാമങ്ങളോ ഇല്ലാതെ തന്നെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാനാകുമോ? സാധിക്കുമെന്നാണ് ഫിറ്റ്നസ് രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സർട്ടിഫൈഡ് ഹെൽത്ത് കോച്ചും ‘ഫെറ്റിൽ ഫിറ്റ്നസ് ക്ലബ്’ ഡയറക്ടറുമായ മൻകീരത് കൗർ, കടുത്ത നിയന്ത്രണങ്ങളില്ലാതെ തന്നെ 10 കിലോഗ്രാം ഭാരം കുറച്ചതിന്റെ അനുഭവം പങ്കുവെക്കുന്നു. ഇതിനായി അവർ നിർദേശിക്കുന്ന 10 ലളിതമായ മാർഗങ്ങൾ താഴെ പറയുന്നവയാണ്:
ഭാരം കുറയ്ക്കാൻ 10 എളുപ്പവഴികൾ
- 1. പ്രോട്ടീൻ ഭക്ഷണത്തിൽ ഉറപ്പാക്കുക: ദിവസേനയുള്ള ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുക. ഇത് അനാവശ്യ വിശപ്പും സ്നാക്സ് കഴിക്കുന്ന ശീലവും തടയുന്നതിനൊപ്പം പേശികളുടെ വളർച്ചയ്ക്കും സഹായിക്കും.
- 2. പ്രായോഗികമായ ലക്ഷ്യങ്ങൾ വയ്ക്കുക: കുറുക്കുവഴികളിലൂടെ ഭാരം പെട്ടെന്ന് കുറയ്ക്കാനാവില്ല. ഇതൊരു തുടർച്ചയായ പ്രക്രിയയായതിനാൽ സമയവും ക്ഷമയും ആവശ്യമാണ്. അതിനാൽ പ്രായോഗികമായ ലക്ഷ്യങ്ങൾ വേണം നിശ്ചയിക്കാൻ.
- 3. വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണം: ഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യം വീട്ടിൽ തന്നെ തയ്യാറാക്കുന്ന ലളിതവും സന്തുലിതവുമായ ഭക്ഷണമാണ്.
- 4. കലോറി അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക: മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ഷേക്കുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കലോറിയെ കരുതിയിരിക്കുക.
- 5. കാര്‍ബും കൊഴുപ്പും പൂർണ്ണമായി ഒഴിവാക്കരുത്: കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും പൂർണ്ണമായി ഉപേക്ഷിക്കുന്നത് ആരോഗ്യകരമല്ല. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, കോംപ്ലക്സ് കാര്‍ബ്സ്, ഫൈബർ എന്നിവ അടങ്ങിയ സന്തുലിതഭക്ഷണമാണ് കഴിക്കേണ്ടത്.
- 6. ശരീരത്തിന് ചലനം നൽകുക: കഠിനമായ വർക്ക്ഔട്ടുകൾ വേണമെന്നില്ല, പകരം നടത്തം, പടികൾ കയറൽ, ചിട്ടയായ ലളിത വ്യായാമങ്ങൾ എന്നിവയിലൂടെ ശരീരം ചലനാത്മകമായി നിലനിർത്തുക.
- 7. ധാരാളം വെള്ളം കുടിക്കുക: ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അനാവശ്യമായ വിശപ്പും അമിതഭക്ഷണവും തടയാൻ സഹായിക്കും.
- 8. ആവശ്യത്തിന് ഉറങ്ങുക: നല്ല ഉറക്കം ചയാപചയ പ്രക്രിയയ്ക്ക് (Metabolism) അത്യാവശ്യമാണ്. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാന പങ്കുവഹിക്കുന്നു.
- 9. ഭക്ഷണം മുൻകൂട്ടി പ്ലാൻ ചെയ്യുക: വിശപ്പ് വന്ന ശേഷം ഭക്ഷണം തിരഞ്ഞെടുക്കുന്നത് പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് നയിക്കും. അതിനാൽ ദിവസേനയുള്ള ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുക.
- 10. സ്ഥിരതയാണ് പ്രധാനം: ഫിറ്റ്നസിന്റെ കാര്യത്തിൽ തീവ്രതയേക്കാൾ പ്രധാനം സ്ഥിരതയാണ്. വല്ലപ്പോഴും മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നതിനേക്കാൾ ദിവസവും അര മണിക്കൂറോളം ഇതിനായി മാറ്റിവെക്കുന്നതാണ് കൂടുതൽ ഫലപ്രദം.
