ഇനി ‘ഇന്ത്യൻ ഡ്രസ് സൈസ്’; മീഡിയവും ലാർജുമെല്ലാം ഇനി നമ്മുടെ ശരീരമനുസരിച്ച്, ബ്രാൻഡുകൾക്ക് ഏകീകൃത സൈസ് വരുന്നു

ഇന്ത്യയിൽ വസ്ത്രങ്ങൾ വാങ്ങുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമായ അളവുകളിലെ (Size) വ്യത്യാസത്തിന് പരിഹാരമായി കേന്ദ്ര വസ്ത്ര മന്ത്രാലയം ‘ഇന്ത്യൻ ഡ്രസ് സൈസ്’ (National Apparel Sizing Framework) നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിൽ വിപണിയിലുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം അമേരിക്കൻ അല്ലെങ്കിൽ യുകെ (US/UK) സൈസിങ് ചാർട്ടുകളാണ് പിന്തുടരുന്നത്. എന്നാൽ പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും ശരീരഘടന തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ ഒരേ സൈസിലുള്ള വസ്ത്രങ്ങൾ പോലും പല ബ്രാൻഡുകളിൽ വ്യത്യസ്ത ഫിറ്റിങ്ങിലാണ് ലഭിക്കുന്നത്. ഇത് ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ റിട്ടേണുകൾ വർധിക്കാനും ഇടയാക്കുന്നു. ഇതിന് പരിഹാരമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) 3D ബോഡി സ്കാനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 15 വയസ്സിന് മുകളിലുള്ള 25,000-ത്തിലധികം ആളുകളുടെ ശരീര അളവുകൾ ശേഖരിച്ച് പുതിയ പഠനം നടത്തിയിട്ടുണ്ട്. വസ്ത്ര മന്ത്രാലയവും നിർമ്മാതാക്കളും അടങ്ങുന്ന ടാസ്ക് ഫോഴ്സ് ഇതിന്റെ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. പുതിയ ഏകീകൃത സൈസിങ് രീതി വരുന്നതോടെ ഏത് ബ്രാൻഡിന്റെ വസ്ത്രം വാങ്ങിയാലും ഇന്ത്യക്കാർക്ക് കൃത്യമായ ഫിറ്റിംഗ് ലഭ്യമാകും.
