എംബാപ്പെയോ, മെസിയോ, ഒലിസെയോ, ബെല്ലിങ്ഹാമോ? ഗോൾഡൻ ബോൾ പോരാട്ടത്തിൽ സെമി ഫൈനൽ നിർണായകം’

ന്യൂയോർക്ക്: ലോകകിരീടത്തിനായി ടീമുകൾ തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള പോരാട്ടവും ചൂടുപിടിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ‘ഗോൾഡൻ ബോൾ’ ഇക്കുറി ആര് നേടുമെന്നത് പ്രവചനാതീതമാണ്. സൂപ്പർ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ വേളയിൽ, സെമി ഫൈനൽ മത്സരങ്ങളിലെ പ്രകടനങ്ങൾ റാങ്കിങ്ങിൽ വലിയ അട്ടിമറികൾക്ക് വഴിവെച്ചേക്കാം.
ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി കുതിക്കുന്ന ലയണൽ മെസി തന്നെയാണ് ഇത്തവണയും ഗോൾഡൻ ബോളിനായി ഏറ്റവും മുന്നിലുള്ളത്. അർജന്റീന ഫൈനലിൽ കടക്കുകയോ കിരീടം നേടുകയോ ചെയ്താൽ ഈ പുരസ്കാരം മെസിയെ തേടിയെത്തുമെന്നുറപ്പാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിനൊപ്പം, സ്വിറ്റ്സർലൻഡിനെതിരെ മാക് അലിസ്റ്റർക്ക് നൽകിയ അസിസ്റ്റോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി.
എന്നാൽ മെസിയുടെ ഈ അവിശ്വസനീയ പ്രകടനത്തിന് ഒത്ത എതിരാളി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മാത്രമാണ്. ഫിഫയുടെ പവർ റാങ്കിങ്ങിൽ ഒന്നാമതുള്ള എംബാപ്പെ, മെസിക്കൊപ്പം 8 ഗോളുകളുമായി ടോപ്പ് സ്കോറർ സ്ഥാനത്തുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തിൽ മെസിയെക്കാൾ ഒരു പടി മുന്നിലുള്ള എംബാപ്പെ തന്നെയാണ് നിലവിൽ ഗോൾഡൻ ബോൾ റേസിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നത്.
