ഉക്രെയ്നിൽ ചരക്കപ്പലിനുനേരെ ഡ്രോൺ ആക്രമണം: കാണാതായ രണ്ട് ഇന്ത്യൻ നാവികർക്കായി തിരച്ചിൽ തുടരുന്നു

കീവ്: ഉക്രെയ്ൻ തീരത്ത് ചരക്കുകപ്പലിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കാണാതായ രണ്ട് ഇന്ത്യൻ നാവികർക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ റാം ചന്ദ്ര ദുബെ (22), റായ്ബറേലി സ്വദേശിയായ മറ്റൊരു യുവ നാവികൻ എന്നിവരെയാണ് ആക്രമണത്തെ തുടർന്ന് കാണാതായത്.
കഴിഞ്ഞ ജൂലൈ 25-ന് ഒഡേസ തുറമുഖത്തിന് സമീപത്തുവെച്ചാണ് ‘എം.വി. എ.ജി.എൻ. റാഗ്നർ’ (MV AGN RAGNAR) എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായത്. ആക്രമണസമയത്ത് നാല് ഇന്ത്യക്കാരുൾപ്പെടെ എട്ട് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ രണ്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രയാഗ്രാജ് സ്വദേശിയായ റാം ചന്ദ്ര ദുബെ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. കപ്പൽ ഉക്രെയ്നിൽനിന്ന് പുറപ്പെട്ടതായി ജൂലൈ 24-ന് രാത്രി റാം ചന്ദ്ര ദുബെ അമ്മ കൽപന ദുബെയുമായി ഫോണിൽ സംസാരിച്ച് അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമാണ് ആക്രമണവിവരം പുറത്തുവരുന്നത്.
കാണാതായ നാവികരെ കണ്ടെത്തുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദുബെയുടെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചു. ഉക്രെയ്ൻ അധികൃതരുമായും അന്താരാഷ്ട്ര ഏജൻസികളുമായും ബന്ധപ്പെട്ട് തിരച്ചിൽ ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കീവിലെ ഇന്ത്യൻ എംബസി വഴി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
