‘ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കയ്ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു

‘ഗോഡ്സില്ല വേഴ്സസ് കോങ്’ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവനടി കയ്ലി ഹോട്ടിൽ വാഹനാപകടത്തിൽ അന്തരിച്ചു. പിതാവ് ജോഷ്വ ഹോട്ടിലാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്. കയ്ലി പഠിച്ചിരുന്ന ടെക്സസ് സ്കൂൾ ഫോർ ദി ഡെഫും നടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.
മേരിലൻഡിലെ ഐജാംസ് വില്ലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കയ്ലി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
2021-ൽ പുറത്തിറങ്ങിയ ‘ഗോഡ്സില്ല വേഴ്സസ് കോങ്’, 2024-ലെ ‘ഗോഡ്സില്ല x കോങ്: ദി ന്യൂ എംപയർ’ എന്നീ ചിത്രങ്ങളിലെ ‘ജിയ’ എന്ന അനാഥ പെൺകുട്ടിയുടെ വേഷത്തിലൂടെയാണ് കയ്ലി ശ്രദ്ധേയയായത്. കിങ് കോങ്ങുമായി ആംഗ്യഭാഷയിൽ സംസാരിക്കുന്ന ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ പ്രകടനത്തിന് മികച്ച യുവതാരത്തിനുള്ള സാറ്റേൺ അവാർഡ് നാമനിർദേശവും കയ്ലിയെ തേടിയെത്തിയിരുന്നു.
