ഇതെന്തൊരു അത്ഭുതം, സ്പൈഡര്മാൻ ഇന്ത്യൻ കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ കടന്നു

മുംബൈ: ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ഹോളിവുഡ് ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ രാജ്യത്തെ ഗ്രോസ് കളക്ഷൻ 500 കോടി രൂപ കടന്നതായി വിതരണക്കാരായ സോണി പിക്ചേഴ്സ് അറിയിച്ചു.
ജൂലൈ 30-ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 73 കോടി രൂപ നേടി റെക്കോർഡ് ഇട്ടിരുന്നു. ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷനാണിത്. തുടർന്നുള്ള ദിവസങ്ങളിലും തിയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക് മൈ ഷോ’ വഴി മണിക്കൂറിൽ അറുപതിനായിരത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കൊളംബിയ പിക്ചേഴ്സ്, മാർവൽ സ്റ്റുഡിയോസ്, പാസ്കൽ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘ഷാങ് ചി’ക്ക് ശേഷം ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേർന്നാണ്.
ടോം ഹോളണ്ട് സ്പൈഡർമാനായി വീണ്ടുമെത്തുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലൺ, ജോൺ ബേൺതാൽ, ഫ്ലോറൻസ് പ്യൂ, ട്രമെൽ ടിൽമാൻ, മരീസ ടൊമെയ്, മാർക് റുഫാലോ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.
