‘അമ്മ എന്നെ വാട്സ് ആപ്പില്‍ ബ്ലോക്ക് ചെയ്തു, ആറ് മാസം എന്നോട് മിണ്ടിയില്ല; അഭിനയിക്കുന്നതിനോട് വീട്ടിലെ എല്ലാവര്ക്കും എതിര്‍പ്പായിരുന്നു’

കൊച്ചി: അഭിനയരംഗത്തേക്ക് കടന്നുവരാനുള്ള തീരുമാനത്തിന് സ്വന്തം വീട്ടിൽനിന്നുപോലും കടുത്ത എതിർപ്പാണ് നേരിടേണ്ടിവന്നതെന്ന് തെന്നിന്ത്യൻ നടി ഭാഗ്യശ്രീ. സിനിമയിലേക്ക് വരാൻ ശ്രമിച്ചപ്പോൾ അമ്മ തന്നെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയും ആറുമാസത്തോളം സംസാരിക്കാതിരിക്കുകയും ചെയ്തതായി താരം വെളിപ്പെടുത്തി. ‘ഓണസ്റ്റ് ടൗൺ ഹാൾ’ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംസാരിക്കവേയാണ് ഭാഗ്യശ്രീ തന്റെ കരിയറിന്റെ തുടക്കകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത്.
അഖിൽ അക്കിനേനിക്കൊപ്പമുള്ള ‘ലെനിൻ’, ദുൽഖർ സൽമാൻ നായകനായ ‘കാന്ത’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഭാഗ്യശ്രീ. എന്നാൽ ഇന്നത്തെ ജനപ്രീതിക്ക് പിന്നിൽ വലിയ പ്രതിസന്ധികളുടെ കഥയുണ്ടെന്ന് താരം ഓർത്തെടുക്കുന്നു.
“സിനിമ തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ വീട്ടിൽ ഒരാൾപോലും പിന്തുണച്ചില്ല. അമ്മയോട് ചോദിച്ചപ്പോൾ ‘നോ’ പറഞ്ഞു. അച്ഛനെ വിളിച്ചപ്പോൾ അമ്മയുടെ തീരുമാനത്തോടൊപ്പം നിന്നു. സഹോദരിയെങ്കിലും കൂടെനിൽക്കുമെന്ന് കരുതിയെങ്കിലും അവളും എതിർത്തു” – ഭാഗ്യശ്രീ പറഞ്ഞു.
എന്നാൽ കുടുംബത്തിന്റെ ഈ നിലപാടിന് പിന്നിൽ തന്നോടുള്ള സ്നേഹവും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുമായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു. “ഒരു രക്ഷിതാവാകുമ്പോഴേ ആ ഭയം മനസ്സിലാകൂ. തങ്ങളുടെ കൊച്ചുകുട്ടി സുരക്ഷിതമല്ലാത്ത ഒരു വലിയ ലോകത്തേക്ക് ഇറങ്ങുമ്പോൾ അവിടെ മോശം ആളുകളുണ്ടാകുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു. എന്നാൽ 80-ാം വയസ്സിൽ ഒരു കാര്യത്തിലും പശ്ചാത്തപിക്കേണ്ടി വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക തന്നെ വേണം.”
ഓഡിഷനുകൾക്ക് പോയിത്തുടങ്ങിയതോടെയാണ് അമ്മ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതും സംസാരം നിർത്തിയതും. അന്ന് അത് വലിയ മാനസിക വിഷമമുണ്ടാക്കിയെങ്കിലും ഒടുവിൽ അമ്മ തന്നെക്കുറിച്ച് അഭിമാനിക്കുന്ന ഒരു ദിവസം വരുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഭാഗ്യശ്രീ കൂട്ടിച്ചേർത്തു. അച്ഛനും അമ്മയും തന്നെയോർത്ത് അഭിമാനിക്കുന്ന തരത്തിലേക്ക് വളരുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു.
