ആളാകെ മാറി, ലങ്കൻ ക്യാപ്റ്റന്റെ അവിശ്വസനീയ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും ചർച്ചയായി ‘ബരിയാട്രിക് സർജറി’

കൊളംബോ: ശ്രീലങ്കയ്ക്ക് 1996ൽ ലോകകപ്പ് കിരീടം സമ്മാനിച്ച ഇതിഹാസ നായകൻ അർജുന രണതുംഗയുടെ പുതിയ ലുക്കാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെയും സോഷ്യൽ മീഡിയയെയും അമ്പരപ്പിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ശശി തരൂർ എം.പി, കൊളംബോയിൽ വെച്ച് രണതുംഗയോടൊപ്പം എടുത്ത ചിത്രം പങ്കുവെച്ചതോടെയാണ് മുൻ ലങ്കൻ നായകന്റെ അവിശ്വസനീയമായ രൂപമാറ്റം ചർച്ചയായത്. ബരിയാട്രിക് സർജറിയിലൂടെ അമിതവണ്ണം പൂർണ്ണമായും മാറി മെലിഞ്ഞ ലുക്കിലെത്തിയ രണതുംഗയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയില്ലെന്നാണ് ആരാധകരുടെ പ്രതികരണം. ഈ സംഭവത്തോടെ ശരീരഭാരം കുറയ്ക്കാൻ നടത്തുന്ന ‘ബരിയാട്രിക് സർജറി’യെക്കുറിച്ചും അതിന്റെ ആരോഗ്യ വശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായി. കേവലം സൗന്ദര്യവർദ്ധക ചികിത്സ എന്നതിലുപരി അമിതവണ്ണവും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത, സ്ലീപ് ആപ്നിയ തുടങ്ങിയ ഗുരുതര രോഗങ്ങളും പരിഹരിച്ച് ജീവിതനിലവാരം ഉയർത്താനാണ് ഇത്തരം ശസ്ത്രക്രിയകൾ സഹായിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, പ്രായം, ദഹനപ്രക്രിയ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഭക്ഷണക്രമവും വ്യായാമവും തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഇതിന്റെ ഫലപ്രാപ്തി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിനാൽ അനാവശ്യ പ്രതീക്ഷകളോടെയുള്ള കുറുക്കുവഴിയായല്ല, മറിച്ച് ആരോഗ്യകരമായ ഒരു ജീവിതത്തിലേക്കുള്ള ചികിത്സയായാണ് ഇതിനെ കാണേണ്ടതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
