ജന്തർമന്തറിലേക്ക് ഭക്ഷണപ്പൊതികളുടെ പ്രവാഹം; ‘പാറ്റ’കളുടെ സമരത്തിന് വേറിട്ട പിന്തുണ

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ‘കോക്രോച്ച് ജനത പാർട്ടി’ക്ക് (സി.ജെ.പി) ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി വേറിട്ട പിന്തുണ. സമരം നടക്കുന്ന ഡൽഹി ജന്തർമന്തർ ലൊക്കേഷനായി നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സനസദ് മാർഗിലേക്ക് ഭക്ഷണവും കുപ്പിവെള്ളവും ഒഴുകിയെത്തുന്നത്.
ബർഗറും സാൻഡ്വിച്ചും ഉൾപ്പെടെ അഞ്ഞൂറിലധികം ഭക്ഷണപ്പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പിന്തുണക്കാർ ഓർഡർ ചെയ്തു നൽകിയതായി വളണ്ടിയർമാരും ഡെലിവറി ജീവനക്കാരും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൊലീസെത്തി സമരവേദിയിലേക്കുള്ള വഴികളടച്ച് ഭക്ഷണവും വെള്ളവും തടഞ്ഞതോടെയാണ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഇത്തരമൊരു വേറിട്ട പ്രതിഷേധത്തിന് വഴിയൊരുങ്ങിയത്.
പൊലീസ് അടിച്ചമർത്തലിനിടയിലും സമരം ശക്തം
പൊലീസ് ഒഴിപ്പിക്കാൻ ശ്രമിച്ച ജന്തർമന്തറിലെ സമരവേദിയിൽ പ്രക്ഷോഭം ശക്തമാക്കി സി.ജെ.പി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവാക്കളാണ് സമരപ്പന്തലിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് പെല്ലറ്റ് തോക്കുകൾ വരെ പ്രയോഗിച്ചതായി സി.ജെ.പി വക്താവ് അശുതോഷ് രൻഗ കുറ്റപ്പെടുത്തി.
അതിനിടെ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ പരീക്ഷാ ക്രമക്കേടിൽ രാജ്യമെമ്പാടും ഉയരുന്ന യുവരോഷം കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനാവില്ലെന്നും മന്ത്രിയുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങണമെന്നും ഇടത് എം.പിമാർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ജന്തർമന്തറിലെത്തി സമരനേതാവ് അഭിജിത് ദീപ്കെയുമായി കൂടിക്കാഴ്ച നടത്തി.
നീറ്റിൽ ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി; പാർലമെന്റ് സ്തംഭിച്ചു
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ കർശന നടപടിയാണ് സ്വീകരിച്ചതെന്ന് എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ചോദ്യപേപ്പർ ചോർന്നതായി വിവര ലഭിച്ച ഉടൻ തന്നെ നടപടിയെടുത്തു. 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ മികച്ച അഭിഭാഷകരെ നിയോഗിച്ചതായും മോദി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവി ബാധിക്കാതിരിക്കാൻ വേഗത്തിൽ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരുവിൽ പ്രതിഷേധിക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണെന്നും അവർക്ക് നേർവഴി കാണിച്ചുകൊടുക്കാൻ എം.പിമാർ മുൻകൈയെടുക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
അതേസമയം, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്, നീറ്റ് ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് സ്തംഭിച്ചു
