വിസ്മയ മോഹൻലാലിന്റെ നായികാവതാരം; ‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറുന്ന പുതിയ ചിത്രം ‘തുടക്കം’ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. ഹൃദ്യമായ കുടുംബ മുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളും കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 7-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമാമേഖലയിലെ പ്രമുഖരും പങ്കെടുത്തു. വിസ്മയ മോഹൻലാലിന്റെ ആദ്യ അഭിനയസംരംഭമെന്ന നിലയിൽ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ട്രെയിലറിലുള്ളത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സാധാരണ ചിത്രത്തിനപ്പുറം വലിയൊരു ദുരൂഹതയും ഇതിലൂടെ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ചിത്രത്തിൽ ആഷിഷ് ജോ ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, മോഹൻലാൽ നിർണ്ണായകമായ മറ്റൊരു വേഷത്തിലും ചിത്രത്തിലുണ്ട്. ഡോ. എമിൽ വിൻസെന്റ്, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജെയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജെയ്ക്ക് ബിജോയ്സ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഖിൽ ജോർജും ജോമോൻ ടി. ജോണും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിംഗും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു. ജിതേഷ് പൊയ്യ മേക്കപ്പും അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. സൈലക്സ് ഏബ്രഹാം ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറും, മനോഹരൻ കെ. പയ്യന്നൂർ ഫിനാൻസ് കൺട്രോളറുമാണ്. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറായ ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ് ആണ്.
