ലോകകപ്പിലെ ഫോക്ലാന്ഡ് ബാനര്‍ വിവാദം: പ്രീമിയര്‍ ലീഗ് കളിക്കുന്ന അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് പണി കിട്ടുമോ?

ലണ്ടൻ: ഫിഫ ലോകകപ്പിലെ വിജയ ആഘോഷങ്ങൾക്കിടെ ഉണ്ടായ വിവാദങ്ങളുടെ പേരിൽ അർജന്റീനയുടെ പ്രീമിയർ ലീഗ് താരങ്ങൾക്ക് തിരിച്ചടിയുണ്ടാകുമോ? ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്ന താരങ്ങൾ വിസ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഇതിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി നിയമവിദഗ്ധർ രംഗത്തെത്തി.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സംഭവം. മത്സരശേഷം “ഫോക്ക്ലാന്റ് ദ്വീപുകൾ അർജന്റീനയുടേതാണ്” എന്നെഴുതിയ ബാനറുമായി താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസാൻഡ്രോ മാർട്ടിനെസ്, ചെൽസിയുടെ എൻസോ ഫെർണാണ്ടസ്, ടോട്ടൻഹാമിന്റെ ക്രിസ്റ്റ്യാൻ റൊമേറോ, മുൻ ടോട്ടൻഹാം താരം ജിയോവാനി ലോ സെൽസോ എന്നിവരാണ് ഫോട്ടോയിലുണ്ടായിരുന്നത്. 1982-ൽ ദക്ഷിണ അറ്റ്ലാന്റിക് പ്രദേശത്തിന്റെ അധീനതയ്ക്കായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ മുദ്രാവാക്യം. 649 അർജന്റീനൻ സൈനികരും 255 ബ്രിട്ടീഷ് സൈനികരുമടക്കം 907 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്.
സംഭവം വലിയ രാഷ്ട്രീയ-മാധ്യമ പ്രതിഷേധങ്ങൾക്കാണ് ബ്രിട്ടനിൽ വഴിവെച്ചത്. താരങ്ങളുടെ ഇംഗ്ലണ്ടിലെ സാന്നിധ്യം ക്രമസമാധാനത്തിന് ഭീഷണിയാണോ എന്ന് പരിശോധിക്കാൻ യുകെ ഹോം ഓഫീസ് ഇടപെടണമെന്നും ആവശ്യമുയർന്നു. എന്നാൽ, താരങ്ങളുടെ വർക്ക് വിസ റദ്ദാക്കപ്പെടുമെന്ന പ്രചാരണങ്ങളെ നിയമവിദഗ്ധർ തള്ളിക്കളഞ്ഞു.
നിയമവിദഗ്ധരുടെ നിരീക്ഷണം: ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ പോലും പൊതുതാല്പര്യം മുൻനിർത്തി വിസ റദ്ദാക്കാൻ യുകെ ഇമിഗ്രേഷൻ വകുപ്പിന് അധികാരമുണ്ടെന്ന് ഇമിഗ്രേഷൻ വിദഗ്ധയായ അസ്മ ബഷീർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തീവ്രവാദം, ദേശസുരക്ഷാ ഭീഷണി, ഗുരുതരമായ കുറ്റകൃത്യങ്ങൾ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഈ നിയമം ഉപയോഗിക്കാറുള്ളത്. ഒരു ബാനർ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ മാത്രം പ്രീമിയർ ലീഗ് താരങ്ങളുടെ വിസ റദ്ദാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് അവർ വ്യക്തമാക്കി.
“ഇതൊരു രാഷ്ട്രീയപരമായ വിഷയമാണെങ്കിലും, അർജന്റീനയുടെ ഔദ്യോഗിക നിലപാട് മാത്രമാണ് താരങ്ങൾ വ്യക്തമാക്കിയത്. ഇത് അക്രമത്തിനോ വെറുപ്പിനോ പ്രോത്സാഹനം നൽകുന്നില്ല. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തടയാൻ ഇമിഗ്രേഷൻ നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയില്ല,” അസ്മ ബഷീർ കൂട്ടിച്ചേർത്തു.
