മുട്ട വാങ്ങുന്നതിനിടെ തർക്കം; വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റയാൾ മരണപ്പെട്ടു

മലപ്പുറം: വെറും ആറ് കോഴിമുട്ടകളെച്ചൊല്ലിയുണ്ടായ വാക്കുതർക്കം കലാശിച്ചത് വലിയ ദുരന്തത്തിൽ. മലപ്പുറം മൂന്നിയൂരിൽ തർക്കത്തിനിടെ റോഡിലേക്ക് വീണ് തലയ്ക്ക് പരിക്കേറ്റ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ മരണപ്പെട്ടു. സംഭവത്തിൽ ലത്തീഫ് എന്നയാളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ എട്ടിനാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശത്തെ പലചരക്ക് കടയിൽ മുട്ട വാങ്ങാനെത്തിയതായിരുന്നു ഫൈസലും ലത്തീഫും. കടയിൽ ആകെ ആറ് മുട്ടകൾ മാത്രമാണുണ്ടായിരുന്നത്. മൂന്ന് വീതം പങ്കിട്ടെടുക്കാൻ കടക്കാരൻ പറഞ്ഞെങ്കിലും ഫൈസൽ വഴങ്ങിയില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഫൈസൽ ലത്തീഫിന് നേരെ മുട്ടയെറിഞ്ഞു. പ്രകോപിതനായ ലത്തീഫ് തള്ളിയിട്ടതോടെ ഫൈസൽ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി വീട്ടിലെത്തിയ ഫൈസലിന് അടുത്ത ദിവസം കടുത്ത തലവേദന അനുഭവപ്പെട്ടു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി നിലവിൽ റിമാൻഡിലാണ്.
