പ്രായമല്ല, പ്രകടനമാണ് മാനദണ്ഡം; കോലിക്കും രോഹിത്തിനും 2027 ലോകകപ്പിൽ ഇടം വേണമെന്ന് ഹർഭജൻ

ന്യൂഡൽഹി: പ്രായമല്ല, കളിക്കളത്തിലെ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന മാനദണ്ഡമാകേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ശാരീരികക്ഷമതയും ഫോമും നിലനിർത്താൻ സാധിക്കുന്നുണ്ടെങ്കിൽ വിരാട് കോലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് ടീമിൽ കളിക്കണമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് സമയത്ത് രോഹിത്തിന് 40-ഉം കോലിക്ക് 39-ഉം വയസാകും. എന്നാൽ പ്രായം ഒരിക്കലും ടീമിലെടുക്കുന്നതിന് തടസ്സമാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. 39-ാം വയസ്സിലാണ് ലയണൽ മെസ്സി അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതെന്ന കാര്യവും ഹർഭജൻ ചൂണ്ടിക്കാട്ടി. ടീമിന് വിജയം സമ്മാനിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുന്നുണ്ടെങ്കിൽ കളിക്കാരുടെ വയസ്സ് ഒരു പ്രശ്നമേയല്ല.
ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ഫിറ്റ്നസ് നിലനിർത്താനും റൺസ് കണ്ടെത്താനും കോലിക്കും രോഹിത്തിനും കഴിയുന്നുണ്ടെങ്കിൽ മറ്റ് ചർച്ചകൾക്ക് പ്രസക്തിയില്ല. 2027 ലോകകപ്പിനുള്ള ടീമിനെ പടുത്തുയർത്തുമ്പോൾ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഇരുവരുടെയും അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തണം. വൈഭവ് സൂര്യവംശിയെക്കാൾ പ്രതീക്ഷ തനിക്ക് രോഹിതിലും കോലിയിലുമാണുള്ളത്. യുവതാരങ്ങൾ കഴിവുള്ളവരാണെങ്കിലും കോലിയും രോഹിത്തും നേടിയിട്ടുള്ള 300-ഓളം മത്സരങ്ങളുടെ അനുഭവസമ്പത്ത് ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാവുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
