പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; 9 വർഷം മുൻപ് കൊലപാതകം നടത്തി മുങ്ങി പ്രതി ഒടുവിൽ പിടിയിൽ

കണ്ണൂർ: ഒമ്പത് വർഷങ്ങൾക്ക് മുൻപ് കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അരങ്ങേറിയ ക്രൂരമായ കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി ഒടുവിൽ പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് തലയ്ക്കടിച്ചാണ് ഇയാൾ കേസിനാസ്പദമായ കൊലപാതകം നടത്തിയത്.
2017 ജനുവരി 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി സുനിയാണ് കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് അബ്ദുള്ളയും കൂട്ടാളിയും ചേർന്ന് സുനിയെ ആക്രമിക്കുകയായിരുന്നു. തേങ്ങ തുണിയിൽ പൊതിഞ്ഞുള്ള മാരകമായ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സുനി സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നാലെ നാടുവിട്ട അബ്ദുള്ളയ്ക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കേസിൽ രണ്ടാം പ്രതി പിടിയിലാവുകയും കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തെങ്കിലും അബ്ദുള്ളയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
മംഗളൂരു, കാസർകോട് എന്നിവിടങ്ങളിൽ വ്യാജ പേരുകളിൽ മാറിമാറി താമസിച്ച് വരികയായിരുന്നു പ്രതി. സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം രൂപീകരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ പ്രത്യേക സ്ക്വാഡാണ് ശാസ്ത്രീയ തെളിവുകളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ പ്രതിയെ വലയിലാക്കിയത്. മലപ്പുറം മുന്നിയൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
