ജനന സമയത്തെ കരുതൽ; ജീവിതകാലം മുഴുവൻ സംരക്ഷണം

കോഴിക്കോട്: കുഞ്ഞിന്റെ വരവോടെ കുടുംബത്തിൽ വിരിയുന്നത് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. എന്നാൽ, നവജാതശിശുവിന്റെ ജനനനിമിഷത്തിൽ നാം അറിയാതെ പോകുന്ന ഒന്നാണ് ഭാവിയിൽ രോഗപ്രതിരോധത്തിന്റെ വലിയൊരു കവചമായി മാറാൻ പോകുന്ന ‘സ്റ്റെം സെല്ലുകൾ’. അത്യാധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ കുഞ്ഞിന്റെ ഈ മാതൃകോശങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന ‘സ്റ്റെം സെൽ ബാങ്കിങ്’ എന്താണെന്നും അതിന്റെ പ്രാധാന്യമെന്താണെന്നും അറിയാം.
എന്താണ് സ്റ്റെം സെല്ലുകൾ?
ശരീരത്തിലെ “മാതൃകോശങ്ങൾ” അല്ലെങ്കിൽ പ്രാഥമിക കോശങ്ങളാണ് സ്റ്റെം സെല്ലുകൾ. രക്തകോശങ്ങളായോ, നാഡീകോശങ്ങളായോ, പേശികളായോ വളരാൻ പ്രത്യേക കഴിവുള്ളവയാണ് ഇവ. രോഗം ബാധിച്ചതോ തകരാറിലായതോ ആയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. കുഞ്ഞ് ജനിക്കുമ്പോൾ നാഭീനാളത്തിൽ (Umbilical Cord) ഇത്തരത്തിലുള്ള കോശങ്ങൾ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ പ്രസവ ശേഷം ഇവ മാലിന്യമായി കളയുകയാണ് ചെയ്തിരുന്നത്.
എന്താണ് സ്റ്റെം സെൽ ബാങ്കിങ്?
പ്രസവസമയത്ത് അമ്മയ്ക്കോ കുഞ്ഞിനോ യാതൊരുവിധ വേദനയോ പ്രയാസമോ ഉണ്ടാക്കാതെ നാഭീനാളത്തിൽനിന്നും അതിലെ രക്തത്തിൽനിന്നും ഈ വിശിഷ്ട കോശങ്ങൾ ശേഖരിക്കുന്നു. തുടർന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ കുറഞ്ഞ താപനിലയിൽ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവെക്കുന്ന പ്രക്രിയയാണിത്.
എന്തുകൊണ്ട് സൂക്ഷിക്കണം?
- ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ: ലുക്കീമിയ (രക്താർബുദം), ലിംഫോമ, തലസീമിയ തുടങ്ങിയ രക്തസംബന്ധമായ രോഗങ്ങൾക്കും ചിലതരം വിളർച്ച രോഗങ്ങൾക്കും (അനീമിയ) സ്റ്റെം സെൽ തെറാപ്പി പ്രയോജനപ്പെടുന്നു.
- കുടുംബത്തിന് സംരക്ഷണം: സൂക്ഷിച്ചുവെക്കുന്ന സ്റ്റെം സെല്ലുകൾ കുഞ്ഞിന് മാത്രമല്ല, ജനിതക സാമ്യമുള്ള സഹോദരങ്ങൾക്കും ചിലപ്പോൾ മാതാപിതാക്കൾക്കും ഉപയോഗിക്കാം.
- പുതിയ സാധ്യതകൾ: പ്രമേഹം, പാർക്കിൻസൺസ്, ഹൃദ്രോഗങ്ങൾ, നാഡീവ്യൂഹ തകരാറുകൾ എന്നിവയ്ക്കുള്ള ചികിത്സകളിലും സ്റ്റെം സെൽ ഉപയോഗിക്കാമെന്ന ഗവേഷണങ്ങൾ പുരോഗമിക്കുന്നു.
രണ്ട് തരം ബാങ്കുകൾ
- പ്രൈവറ്റ് ബാങ്കുകൾ: സ്വന്തം ആവശ്യങ്ങൾക്കായി മാത്രം കുഞ്ഞിന്റെ സ്റ്റെം സെല്ലുകൾ സൂക്ഷിക്കുന്ന രീതി. ഇതിനായി നിശ്ചിത തുക നൽകേണ്ടി വരും.
- പബ്ലിക് ബാങ്കുകൾ: പൊതുജന നന്മയ്ക്കായി സ്റ്റെം സെല്ലുകൾ ദാനം ചെയ്യുന്ന രീതി. അനുയോജ്യമായ മാച്ച് ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ഇത് ഉപയോഗിക്കാം.
തീരുമാനമെടുക്കേണ്ടത് എപ്പോൾ?
ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ തന്നെ സ്റ്റെം സെൽ ബാങ്കിങ് വേണമോ എന്ന കാര്യം മാതാപോതാക്കൾ തീരുമാനിക്കേണ്ടതുണ്ട്. പ്രസവത്തിന് മുൻപ് തന്നെ ആശുപത്രി അധികൃതർക്കും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകണം.
വരുംതലമുറയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഗർഭകാലത്ത് തന്നെ ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുന്നതും ഡോക്ടറുടെ ഉപദേശം തേടുന്നതും ഉചിതമായിരിക്കും.
(ലേഖനം: ഡോ. ഉമ്മുസല്മ .ടി, കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ലാപ്രോസ്കോപ്പി സർജൻ, ആസ്റ്റർ മിംസ്, കോട്ടക്കൽ)
