ചില എസി കോച്ച് യാത്രക്കാരെ കൊണ്ട് ഇന്ത്യൻ റെയിൽവേക്ക് നഷ്ടം 104 കോടി; 4 വർഷത്തിൽ അടിച്ചുമാറ്റിയത് 1.27 കോടി കിടക്കവിരികളും ടവ്വലുകളും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് നൽകുന്ന ടവ്വലുകളും കിടക്കവിരികളും യാത്രക്കാർ വ്യാപകമായി വീട്ടിലേക്ക് കടത്തുന്നതായി റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പ്രകാരം, 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള നാലര വർഷത്തിനിടെ 1.27 കോടിയിലധികം ബെഡ്റോൾ സാധനങ്ങളാണ് ട്രെയിനുകളിൽ നിന്ന് കാണാതായത്. രാജ്യത്തെ 16 റെയിൽവേ സോണുകൾക്ക് കീഴിലുള്ള 54 ഡിവിഷനുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം 2022 ജനുവരിയിലാണ് റെയിൽവേ ബെഡ്റോൾ സേവനം പൂർണ്ണമായി പുനരാരംഭിച്ചത്. ഇതിനുശേഷം 2022 മുതൽ 2025 വരെയുള്ള കാലയളവിൽ മാത്രം ഇത്തരം മോഷണങ്ങളിൽ 56 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. അതായത്, ട്രെയിനിൽ യാത്ര ചെയ്യുന്ന ശരാശരി 1,000 യാത്രക്കാരിൽ ഒരാൾ വീതം റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മോഷ്ടാക്കളുടെ പ്രിയപ്പെട്ട ഇനം ‘ഫെയ്സ് ടവ്വൽ’
എസി കോച്ചുകളിൽ നൽകുന്ന ബെഡ്റോൾ കിറ്റിൽ രണ്ട് കിടക്കവിരികൾ, ഒരു പുതപ്പ്, തലയിണ, തലയിണ കവർ, മുഖം തുടയ്ക്കാനുള്ള ചെറിയ ടവ്വൽ എന്നിവയാണ് ഉണ്ടാകാറുള്ളത്. ഇതിൽ യാത്രക്കാർക്ക് ഏറ്റവും പ്രിയം ടവ്വലുകളോടാണ്.
നാല് വർഷത്തിനിടെ കാണാതായ സാധനങ്ങളുടെ കണക്ക് ഇപ്രകാരം:
- ഫെയ്സ് ടവ്വലുകൾ: 46.54 ലക്ഷം എണ്ണം (ഏറ്റവും കൂടുതൽ മോഷണം പോയത്)
- കിടക്കവിരികൾ (ബെഡ്ഷീറ്റ്): 41.13 ലക്ഷം എണ്ണം
- തലയിണക്കവറുകൾ: 23.59 ലക്ഷം എണ്ണം
- പുതപ്പുകൾ: 12.95 ലക്ഷം എണ്ണം
- തലയിണകൾ: 2.76 ലക്ഷം എണ്ണം
