ചരിത്രപരമായ കുതിപ്പിന് ഒരുങ്ങി രാജ്യം, ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17 ന്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നാളെ (ജൂലൈ 17) ട്രാക്കിലിറങ്ങും. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രെയിൻ ആദ്യമായി സർവീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക.
പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഹൈഡ്രജൻ ട്രെയിൻ പദ്ധതി, ഇന്ത്യൻ റെയിൽവേയുടെ ഭാവി ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹരിത ഊർജ്ജത്തിലേക്ക് ചരിത്ര ചുവടുവെപ്പ്
ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്നതാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതി. വായു മലിനീകരണം പൂർണ്ണമായും ഇല്ലാതാക്കുന്നതും ഊർജ്ജ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതുമായ ഒരു യാത്രാസംവിധാനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം പൂർണ്ണമായും ഹരിത ഊർജ്ജമാണ് ഇതിനായി ഉപയോഗിക്കുന്നത്.
എന്താണ് ഈ സാങ്കേതികവിദ്യ? അത്യാധുനിക ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയുടെ കരുത്തിലാണ് ഈ ട്രെയിൻ കുതിക്കുക. ഡീസൽ എഞ്ചിനുകളിൽ നിന്നും വിഭിന്നമായി, ഹൈഡ്രജനും ഓക്സിജനും തമ്മിൽ രാസപ്രവർത്തനത്തിൽ ഏർപ്പെടുത്തിയാണ് ഇതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയിലൂടെ കാർബൺ പുറന്തള്ളുന്നതിന് പകരം ജലബാഷ്പവും താപവും മാത്രമാണ് പുറത്തേക്ക് വരിക. ഇത് പൂർണ്ണമായും പരിസ്ഥിതി മലിനീകരണം ഒഴിവാക്കും.
ഇന്ധന ഇറക്കുമതിക്കായി രാജ്യം ചിലവഴിക്കുന്ന വലിയ തുക ലാഭിക്കാനും ഈ പദ്ധതിയിലൂടെ റെയിൽവേയ്ക്ക് സാധിക്കും. കൂടുതൽ റൂട്ടുകളിലേക്ക് ഈ പരിസ്ഥിതി സൗഹൃദ ട്രെയിനുകൾ വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ.
