ആദ്യ അന്താരാഷ്ട്ര സോളോ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കി പേളി മാണി; ചിത്രങ്ങൾ വൈറൽ

കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണി തന്റെ ആദ്യത്തെ അന്താരാഷ്ട്ര സോളോ ട്രിപ്പിന്റെ (ഒറ്റയ്ക്കുള്ള യാത്ര) വിശേഷങ്ങൾ പങ്കുവെച്ചു. സ്ലൊവാക്യയിലെ പ്രശസ്തമായ മൗണ്ടൻ തടാകമായ ‘സ്കൽനാറ്റെ പ്ലെസോ’യിൽ (Skalnaté Pleso) നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
ബിഗ് ബോസ് ഷോയിലൂടെയും പിന്നീട് സ്വന്തം യൂട്യൂബ് ചാനലിലൂടെയും ദക്ഷിണേന്ത്യയിലാകെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരം, കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് പുറമെ ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര സോളോ ട്രിപ്പ് നടത്തുന്നത്.
“ഒരു തടാകം, ഒരു പർവ്വതം, പിന്നെ യാത്രകൾ ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മാവും. ‘സ്കൽനാറ്റെ പ്ലെസോ’… നീ ശരിക്കും ഒരു സുന്ദരി തന്നെയാണ്! ആദ്യത്തെ അന്താരാഷ്ട്ര സോളോ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കി. പക്ഷേ ഞാൻ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല…”
എന്ന് കുറിച്ചുകൊണ്ടാണ് പേളി യാത്രാചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
തന്റെ യാത്രയിലുടനീളം അവിടുത്തെ പ്രാദേശിക ജനങ്ങളിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയും സ്നേഹവുമാണ് ലഭിച്ചതെന്നും താരം കുറിച്ചു. വഴി തെറ്റുമ്പോൾ സഹായിക്കാനും, സൈൻ ബോർഡുകൾ വായിച്ചു തരാനും, നല്ല കഫേകൾ പരിചയപ്പെടുത്തിത്തരാനും അവിടുത്തെ ആളുകൾക്ക് വലിയ സന്തോഷമായിരുന്നുവെന്നും പേളി ഓർത്തെടുത്തു.
യാത്രയിലുടനീളം വ്ലോഗ് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ കൂടുതൽ യാത്രാവിശേഷങ്ങൾ ഉടൻ തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ പുത്തൻ യാത്രാചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
