അഞ്ചുവയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് 50 ഗ്രാം സ്വർണ്ണക്കട്ട! പുറത്തെടുത്തു

ബീജിംഗ്: ചൈനയിൽ അഞ്ചുവയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയ 50 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കട്ടി ഡോക്ടർമാർ എൻഡോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി നാല് സെന്റീമീറ്റർ നീളമുള്ള സ്വർണ്ണക്കട്ടി വിഴുങ്ങിയത്. ഓഗസ്റ്റ് 16-നായിരുന്നു സംഭവം.
സ്വർണ്ണക്കട്ടി വിഴുങ്ങി ആറു മണിക്കൂറിനു ശേഷമാണ് കുട്ടിയെ ക്യാപിറ്റൽ മെഡിക്കൽ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുള്ള ബെയ്ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എക്സ്-റേ പരിശോധനയിൽ സ്വർണ്ണക്കട്ടി വയറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വ്യക്തമായി. വയറിന്റെ ആന്തരിക പാളികളിൽ പോറലേൽക്കാനും രക്തസ്രാവത്തിനും സാധ്യതയുണ്ടായിരുന്നതിനാൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
സമീപത്തെ പ്രാദേശിക ക്ലിനിക്കുകളിൽ അടിയന്തര എൻഡോസ്കോപ്പി സൗകര്യമില്ലാതിരുന്നതിനാലാണ് കുട്ടിയെ ബെയ്ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. തുടര്ന്ന് ഡോക്ടർമാർ മിനിറ്റുകൾക്കകം എൻഡോസ്കോപ്പിയിലൂടെ സ്വർണ്ണക്കട്ടി പൂർണ്ണമായി പുറത്തെടുക്കുകയായിരുന്നു. കുട്ടി നിലവിൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിട്ടുണ്ട്. അതേസമയം, കുട്ടികൾ നാണയങ്ങളോ മറ്റ് വസ്തുക്കളോ വിഴുങ്ങിയാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ വിദഗ്ധ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
