ഹോര്‍മുസ് അനിശിചിതത്വം: എണ്ണവില മൂന്നാഴ്ചത്തെ ഉയര്‍ന്ന നിരക്കില്‍

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 0.49 ശതമാനം വർധിച്ച് ബാരലിന് 91.47 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡ് ഫ്യൂച്ചേഴ്സ് 0.53 ശതമാനം ഉയർന്ന് ബാരലിന് 85.39 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച താൽക്കാലിക വെടിനിർത്തൽ കരാർ കാലാവധി അവസാനിച്ചതാണ് മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചത്. പ്രധാന ഊർജ പാതയായ ഹോർമുസ് കടലിടുക്കിലൂടെ സർവീസ് പുനഃസ്ഥാപിക്കുന്നതിൽ വലിയ ആശങ്കയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്. നിലവിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയേക്കാൾ ഏറെ താഴെയാണ്.
അതേസമയം, ഇറാനുമായി തൽക്കാലം ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്നാൽ ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ കിടക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ജലപാത അടഞ്ഞുകിടക്കുകയാണെന്നാണ് ഇറാന്റെ പ്രതികരണം. നയതന്ത്ര ശ്രമങ്ങൾ പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ ശക്തമായ സൈനിക നിലപാടിലേക്ക് നീങ്ങുകയാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
