സിജെപിയെ നാലുതവണ ചർച്ചയ്ക്ക് വിളിച്ചു, എപ്പോൾ വേണമെങ്കിലും എത്രസമയവും ചർച്ചചെയ്യാം- കേന്ദ്രം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ, സമരം ചെയ്യുന്ന വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ. നീറ്റ് സംയുക്ത പ്രക്ഷോഭ സമിതി (സി.ജെ.പി) പ്രതിനിധികളോട് എപ്പോൾ വേണമെങ്കിലും ചർച്ചയാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥികളെ കേന്ദ്രം ചർച്ചയ്ക്കായി സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
“കഴിഞ്ഞദിവസം ഉച്ചമുതൽ വിദ്യാർഥി പ്രതിനിധികളുമായി ചർച്ചയ്ക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്. യുവാക്കളുമായി എപ്പോൾ വേണമെങ്കിലും അവരുടെ സൗകര്യത്തിനനുസരിച്ച് സംസാരിക്കാൻ തയ്യാറാണ്. യാതൊരു മുൻവിധിയുമില്ലാതെയാണ് കേന്ദ്രം വിഷയത്തെ സമീപിക്കുന്നത്,” പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് പറഞ്ഞു.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഓഫീസിലോ വസതിയിലോ വെച്ച് ചർച്ച നടത്താമെന്നാണ് കേന്ദ്ര നിർദേശം. സർക്കാറിന് ഇക്കാര്യത്തിൽ തുറന്ന മനസ്സാണെന്നും വിദ്യാർഥികൾ മുൻകൈയെടുത്ത് ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
