വിദ്യാർഥിനികൾക്ക് പ്രചോദനവുമായി നിവിൻ പോളി

കൊച്ചി: പെൺകുട്ടികൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളോ ചാടിക്കടക്കാൻ സാധിക്കാത്ത തടസ്സങ്ങളോ ഇല്ലെന്ന് നടൻ നിവിൻ പോളി. തന്റെ പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ പ്രൊമോഷന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് വനിതാ കോളേജിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിഞ്ഞോ അറിയാതെയോ വസ്ത്രധാരണത്തിലും യാത്രാസ്വാതന്ത്ര്യത്തിലും സമയം ക്രമീകരിക്കുന്നതിലുമെല്ലാം ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികളെന്ന് നിവിൻ ചൂണ്ടിക്കാട്ടി. “നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത ഒരു അകലവുമില്ല. നിങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ധൈര്യത്തോടെ മുന്നോട്ടുപോവുക,” വിദ്യാർഥികളോടായി നടൻ പറഞ്ഞു.
സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചായിരുന്നു നിവിൻ പോളിയുടെ പ്രസംഗം. ആദ്യ ചിത്രമായ ‘മലർവാടി ആർട്സ് ക്ലബി’ന്റെ ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ പൗലോ കൊയ്ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന പുസ്തകം വായിച്ചതാണ് ജീവിതത്തിൽ നിർണായകമായതെന്ന് അദ്ദേഹം ഓർത്തെടുത്തു. സിനിമയിൽ പരിചയക്കാരില്ലാത്തതും സ്റ്റേജിൽ കയറാനുള്ള പേടിയും കാരണം സ്വയം സംശയിച്ചുനിന്ന നിമിഷങ്ങളിൽ ആ പുസ്തകമാണ് തനിക്ക് ധൈര്യം പകർന്നുനൽകിയത്. പേടിയും സംശയങ്ങളും മാറ്റിവെച്ച് ‘പങ്കെടുക്കുക’ എന്ന ഒറ്റ തീരുമാനം എടുത്തതാണ് തന്നിലെ അഭിനേതാവിനെ ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ് കോളേജ് ലൈഫെന്നും അത് സന്തോഷത്തോടെ ആഘോഷിക്കണമെന്നും നിവിൻ വിദ്യാർഥികളെ ഉപദേശിച്ചു. മുൻപോട്ടുവരാൻ മടിയും ഭയവുമുള്ള കുട്ടികളെ പിന്തുണയ്ക്കാനും പ്രചോദിപ്പിക്കാനും അധ്യാപകർ മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആവേശത്തോടെയാണ് സെന്റ് തെരേസാസിലെ വിദ്യാർഥിനികൾ നിവിന്റെ വാക്കുകളെ സ്വീകരിച്ചത്.
