വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണമാക്കരുത്: രാഹുല്‍ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാന്

ന്യൂഡൽഹി: കോൺഗ്രസും രാഹുൽ ഗാന്ധിയും വിദ്യാർഥികളെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി കരുവാക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം. സമരം നടത്തുന്നവർ ഭീകരസംഘടനകളുടെ ‘ബി-ടീം’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും, തിങ്കളാഴ്ച കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുമാണ് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. വൈകീട്ടോടെ ഗാന്ധി സഹോദരങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും രാത്രി ഒമ്പതോടെ മോചിപ്പിക്കുകയും ചെയ്തു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ വിദ്യാർഥികളെ ആയുധമാക്കി കുഴപ്പങ്ങളുണ്ടാക്കാനാണ് കോൺഗ്രസും സി.ജെ.പിയും ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. തന്റെ രാജിയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പ്രതിഷേധം പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വിഷയത്തിൽ സമഗ്രമായ ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ജനാധിപത്യപരമായ സംവാദത്തിന് പകരം രാഷ്ട്രീയ നാടകങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ മാധ്യമ തലക്കെട്ടുകളിൽ ഇടംപിടിക്കാനുള്ള തടസ്സപ്പെടുത്തലായിരുന്നു അവരുടെ ലക്ഷ്യം,” ധർമേന്ദ്ര പ്രധാൻ എക്സിൽ (X) കുറിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും യുവാക്കളുടെയും ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യാനും പരിഹരിക്കാനും കേന്ദ്രത്തിന് പ്രതിബദ്ധതയുണ്ട്. രാഷ്ട്രീയ പ്രചാരണങ്ങളുടെ ഉപകരണങ്ങളാകുന്നതിനേക്കാൾ മികച്ച പരിഗണന രാജ്യത്തെ വിദ്യാർഥികൾ അർഹിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
