‘യുദ്ധം പവർഗ്രൂപ്പിനെതിരെ, ആരോപണവിധേയർ ‘അമ്മ’യുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ‘അമ്മ’ എന്ന താരസംഘടനയില്‍ ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം ഭരണസമിതിയിലെത്തിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷം വലിയ കോലാഹലങ്ങള്‍ ഉണ്ടാവുകയും ശ്വേത മേനോന് പ്രസിഡന്റായി ചുമതലയേറ്റ ഭരണസമിതി നിലവില്‍ വരുകയുമായിരുന്നു. റ്റ ഭരണസമിതിയില്‍ പിന്നീടുണ്ടായ വിവാദങ്ങളും ആഭ്യന്തര തർക്കങ്ങളും കാരണം ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവെക്കുകയും, പിന്നീട് പുതിയ താൽക്കാലിക സമിതിക്കെതിരെ ശ്വേത രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണെന്ന് കുറിക്കുകയാണ് ശ്വേത മേനോന്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടനയിൽ നിരവധി നിർണായക മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും താൻ ആരംഭിച്ച ഈ പരിഷ്കാര പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിച്ചില്ലെന്നുമാണ് ശ്വേത സോഷ്യല്‍ മീഡിയ കുറിപ്പില്‍ സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ഭാഗങ്ങളായ കുറിപ്പും വിശദമായ ക്യാപ്ഷനും പങ്കുവെച്ചാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടനയിൽ നിരവധി നിർണായക മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനായി നിരവധി നയപരമായ പരിഷ്കാരങ്ങളും ഭരണപരമായ മാറ്റങ്ങളും നടപ്പാക്കിയിട്ടുണ്ട്.
എന്നാൽ, ഞാൻ ആരംഭിച്ച ഈ പരിഷ്കാര പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിച്ചില്ല, പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. എന്റെ നേതൃത്വത്തിൽ നടക്കുന്ന മാറ്റങ്ങളെ വഴിതെറ്റിക്കാനാണ് ഇത്തരം പ്രചാരണങ്ങൾ ശ്രമിക്കുന്നത്.
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് എങ്ങനെ വലിയ കുറ്റമായി മാറുന്നു? അങ്ങനെയാണെങ്കിൽ ‘അമ്മ’യിലെ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിപിഎം, കോൺഗ്രസ്, ബിജെപി ആശയങ്ങളുള്ളവരെയും സമാനമായി ചോദ്യം ചെയ്യേണ്ടതല്ലേ?.
അത്തരം ആരോപണങ്ങൾ മറ്റാർക്കും നേരിടേണ്ടി വരുന്നില്ല. എന്നെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. രാഷ്ട്രീയവും മതവും വർഗീയതയും സിനിമാ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിലൂടെ ‘അമ്മ’യെ വിഭജിക്കാനാണ് ചിലരുടെ ലക്ഷ്യം. ഇത്തരം നീക്കങ്ങൾ സിനിമാ മേഖലയ്ക്കും സംഘടനയ്ക്കും ഗുണം ചെയ്യില്ല. ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ കാരണം സംഘടനയിൽ ഞാൻ കൊണ്ടുവരാൻ ശ്രമിക്കുന്ന പരിഷ്കാരങ്ങളിൽ നിന്ന് ഒരിക്കലും പിന്നോട്ടുപോകില്ല.
ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി ഒരു ദേശീയ രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിൽ നിന്ന് സിനിമാപ്രവർത്തകരെ ക്ഷണിക്കുന്ന ചുമതല എനിക്കായിരുന്നുവെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. ആ പരിപാടിയുടെ സംഘാടനവുമായി എനിക്ക് ഒരു തരത്തിലുമുള്ള ബന്ധമില്ല. ‘ഈ ആരോപണത്തിന്റെ ലോജിക് എന്താണെന്ന് ആരെങ്കിലും വിശദീകരിക്കുമോ? യുക്തി ജനാലയിലൂടെ പുറത്തുപോയി.
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല.
ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ‘അമ്മ’ യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.
പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന ‘അഴിമതി ആരോപണങ്ങൾ’ പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!!
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട്, ‘അമ്മ’യെ കൂടുതൽ ശക്തവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംഘടനയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം, അതിനായി ഏതറ്റം വരെയും പോകാൻ തയ്യാറാണ്.
എന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ല. എന്നെ മൗനത്തിലാക്കാൻ കഴിയില്ല. ഞാൻ കീഴടങ്ങില്ല. ഞാൻ പിന്നോട്ടില്ല. സത്യം കേൾക്കപ്പെടാൻ അർഹമാണ്. അമ്മ’ ഇതിലും മികച്ചൊരു സംഘടനയാകാൻ അർഹതയുള്ള ഒന്നാണ്…’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്വേത മേനോന് തന്റെ സുദീര്‍ഘമായ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
