വിദേശ ശക്തികൾ ജെൻ സികളെ ബോധപൂർവം പാറ്റകൾ എന്ന് വിളിക്കുന്നു; മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: ജെൻ സി തലമുറയിലെ കുട്ടികളെ ‘പാറ്റകൾ’ എന്ന് വിളിക്കരുതെന്നും, വിദേശ ശക്തികൾ ബോധപൂർവം ഇവരെ പാറ്റകളാക്കി ചിത്രീകരിച്ച് മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. കുട്ടികളോട് ‘പാറ്റയാണോ’ എന്ന് ചോദിച്ചപ്പോൾ അവർ നിശബ്ദരായത് വിഷയം മനസ്സിലാകാത്തതുകൊണ്ടാണെന്നും ചടങ്ങിനുശേഷം വിദ്യാർഥികൾ അത് വ്യക്തമാക്കിയെന്നും പറഞ്ഞ വി.സി, സി.ജെ.പി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് കൂട്ടിച്ചേർത്തു. തനിക്ക് സംഘി മുദ്ര കുത്തുന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണെന്നും, രാജ്യം ഭരിക്കുന്ന ആർ.എസ്.എസ് ആശയക്കാർക്ക് തന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്ദേമാതരം പരാമർശത്തിലൂടെ മാതൃഭൂമിയെ വണങ്ങുന്ന ആശയമാണ് ഉദ്ദേശിച്ചതെന്നും മന്ത്രി റോജി ജോണിന് പോലും ഇത് മനസ്സിലായിട്ടുണ്ടാവില്ലെന്നും പറഞ്ഞ അദ്ദേഹം, തന്നെ മഹാബലിയായി ചിത്രീകരിച്ച എസ്.എഫ്.ഐ പ്രതിഷേധത്തെ മഹാബലിയെക്കുറിച്ച് അറിയാതെ ചെയ്ത അംഗീകാരമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.
