വന്ദേമാതരം രണ്ടു ചരണം മതി ; കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി

ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് പാർട്ടി നേതൃത്വത്തിന്റെ കശന നിർദേശം. കഴിഞ്ഞദിവസം എ.ഐ.സി.സി ആസ്ഥാനത്തു നടന്ന വന്ദേമാതര ആലാപനം വിവാദമായ സാഹചര്യത്തിലാണ് നടപടി. വന്ദേമാതരം പൂർണമായി ആലപിച്ച സേവാദളിനെതിരെ നൽകിയ നടപടി താക്കീതിൽ ഒതുക്കുകയും ചെയ്തു. സംഭവത്തിൽ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തിൽ സോണിയ ഗാന്ധിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി പരാതി നൽകി. കോൺഗ്രസ് ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നും സംഭവത്തിൽ മാപ്പു പറയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ദേശീയ ഗാനവുമായി ബന്ധപ്പെട്ട ത്യാഗങ്ങൾ പാർട്ടി മറന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, ഗോവയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ചടങ്ങിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രമാണ് ആലപിച്ചത്. വരും ദിവസങ്ങളിലെ പാർട്ടി പരിപാടികളിലും ഇത് തുടരാനാണ് കോൺഗ്രസ് തീരുമാനം. 1937-ൽ രവീന്ദ്രനാഥ ടാഗോറിന്റെ നിർദേശപ്രകാരം പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കോൺഗ്രസ് ന്യായീകരിച്ചു. മതപരമായ പ്രതീകാത്മകത ഒഴിവാക്കാനാണ് ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കാൻ അന്ന് തീരുമാനിച്ചതെന്നും പാർട്ടി വ്യക്തമാക്കി.
