രക്ഷാപ്രവര്ത്തകന് രാജേഷിന്റെ മൃതദേഹം അയച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ ; അന്വേഷണത്തിന് ഉത്തരവിട്ടു കളക്ടര്‍

കണ്ണൂർ: മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ കണ്ണൂർ ജില്ലാ കളക്ടർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പയ്യന്നൂർ തഹസിൽദാരുടെ വീഴ്ചയ്ക്കെതിരെ രൂക്ഷവിമർശനവുമായി രാജേഷിന്റെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകാൻ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് തഹസിൽദാർ പുല്ലുവില നൽകിയെന്നാണ് പ്രധാന ആരോപണം. കണ്ണൂരിൽനിന്ന് ഫ്രീസറില്ലാത്ത സാധാരണ ആംബുലൻസിലാണ് മൃതദേഹം അയച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ തൃശൂർ ചാവക്കാട്ടെത്തിയപ്പോഴാണ് ഫ്രീസറില്ലെന്ന വിവരം കുടുംബത്തിന് ബോധ്യപ്പെടുന്നത്. ഇതേത്തുടർന്ന് റോഡരികിൽ വെച്ച് മൃതദേഹം ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാരുടെ മേൽനോട്ടത്തിലാണ് നടപടികൾ നടന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട കണ്ണൂർ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ, ആംബുലൻസിൽ ഫ്രീസർ സൗകര്യമില്ലെന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വശീകരണം.
കഴിഞ്ഞ ശനിയാഴ്ചയാണ് മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാജേഷ് ഒഴുക്കിൽപ്പെട്ടത്. മൂന്നുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നാടിനായി ജീവൻ വെടിഞ്ഞ രക്ഷാപ്രവർത്തകന്റെ ഭൗതികശരീരത്തോട് അധികൃതർ കാട്ടിയ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
