യോഗ മാറ്റുകളുടെ ശുചിത്വം വിചാരിക്കുന്നതിലും പ്രധാനമാണ് : യോഗ മാറ്റ് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

എല്ലാ ദിവസവും രാവിലെ മനസ്സിന് ശാന്തി തേടിയാണ് ദശലക്ഷക്കണക്കിന് ആളുകൾ യോഗ മാറ്റ് വിരിക്കുന്നത്. എന്നാൽ, മനസ്സിന് ആശ്വാസം നൽകുന്ന ഈ പതയോ റബ്ബറോ കൊണ്ടുള്ള പായ നിങ്ങളുടെ ആരോഗ്യത്തിന് നിശബ്ദ ഭീഷണിയാകുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? യോഗ മാറ്റുകളുടെ ഉപയോഗവും അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും നാം വിചാരിക്കുന്നതിലും ഗൗരവമേറിയതാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പി.വി.സി മാറ്റുകളും ഭീഷണിയും
വിപണിയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഭൂരിഭാഗം മാറ്റുകളും പ്ലംബിംഗ് പൈപ്പുകളിലും ഫ്ലോറിംഗിലും ഉപയോഗിക്കുന്ന പി.വി.സി (പോളിവിനൈൽ ക്ലോറൈഡ്) കൊണ്ടാണ് നിർമ്മിക്കുന്നത്. നല്ല ഗ്രിപ്പും ദീർഘകാല ഈടും നൽകുമെങ്കിലും ചർമ്മരോഗ വിദഗ്ദ്ധരും ടോക്സിക്കോളജിസ്റ്റുകളും ഇതിനെതിരെ മുന്നറിയിപ്പ് നൽകുന്നു. പി.വി.സിയുടെ നിർമ്മാണവും അത് നശിപ്പിക്കുന്നതും പരിസ്ഥിതിക്ക് കടുത്ത ദോഷം ചെയ്യുന്ന വിഷാംശങ്ങൾ പുറത്തുവിടുന്നുണ്ട്. കൂടാതെ, മാറ്റുകൾക്ക് മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന ‘താലേറ്റുകൾ’ (phthalates) എന്ന രാസവസ്തുവുമായി ദീർഘകാലം സമ്പർക്കത്തിൽ വരുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും.
ശ്വാസകോശത്തിനും ചർമ്മത്തിനും വില്ലൻ
പുതിയ മാറ്റുകളിൽ നിന്ന് വരുന്നത് വെറുമൊരു പ്ലാസ്റ്റിക് മണമല്ല; മറിച്ച് വായുവിൽ കലരുന്ന അസ്ഥിര ജൈവ രാസവസ്തുക്കളാണ് (VOCs). അടച്ചിട്ട മുറികളിൽ ഇരുന്ന് ഇവ ശ്വസിക്കുന്നത് ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
യോഗ ചെയ്യുമ്പോൾ വിയർത്ത ചർമ്മം മാറ്റുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുകയും രാസവസ്തുക്കൾ ശരീരം വേഗത്തിൽ ആഗിരണം ചെയ്യുകയും ചെയ്യുന്നു. കൃത്യമായി വൃത്തിയാക്കാത്ത മാറ്റുകളിൽ ബാക്ടീരിയ, ഫംഗസ്, രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടി ചർമ്മരോഗങ്ങൾക്കും വഴിതെളിക്കുന്നു.
എങ്ങനെ സുരക്ഷിതരാകാം?
നിലവിലെ മാറ്റ് ഉടൻ വലിച്ചെറിയേണ്ടതില്ലെങ്കിലും, കൂടുതൽ സുരക്ഷിതമായ ബദലുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്വാഭാവിക റബ്ബർ, ചണം (jute), കോർക്ക്, ഓർഗാനിക് കോട്ടൺ എന്നിവ കൊണ്ടുള്ള മാറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വില അല്പം കൂടുതലാണെങ്കിലും രാസഭീഷണി ഇല്ലാത്തവയാണിവ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- കൃത്യമായ ശുചീകരണം: ഓരോ തവണ ഉപയോഗിച്ച ശേഷവും മാറ്റ് നന്നായി തുടച്ചു വൃത്തിയാക്കുക.
- ഉണക്കി സൂക്ഷിക്കുക: ഈർപ്പമുള്ള അവസ്ഥയിൽ ചുരുട്ടി വെക്കാതെ, നല്ല വായുസഞ്ചാരമുള്ളിടത്ത് വിരിച്ചിട്ട് ഉണങ്ങാൻ അനുവദിക്കുക.
- മാറ്റ് മാറ്റേണ്ട സമയം: മാറ്റുകളുടെ ഉപരിതലം അടർന്നുപോകാൻ തുടങ്ങിയാൽ അത് ഉടനടി മാറ്റുക. മെറ്റീരിയൽ നശിച്ചുതുടങ്ങി എന്നതിന്റെയും സൂക്ഷ്മകണികകൾ വായുവിൽ കലരുന്നു എന്നതിന്റെയും ലക്ഷണമാണിത്.
ഭക്ഷണത്തിലും ചർമ്മസംരക്ഷണത്തിലും പുലർത്തുന്ന അതേ ജാഗ്രത യോഗ മാറ്റുകളുടെ കാര്യത്തിലും വേണമെന്നാണ് വിദഗ്ധർ ഓർമ്മിപ്പിക്കുന്നത്.
