യുവന് ശങ്കര് രാജയുടെ സംഗീതം; ‘ഏഴ് കടൽ ഏഴ് മലൈ’യിലെ ഗാനം എത്തി

ചെന്നൈ: നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ റാം ഒരുക്കുന്ന തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’യിലെ പുതിയ ഗാനം പുറത്തുവന്നു. ‘നമക്കായ് ഒരു വാനം’ എന്ന് തുടങ്ങുന്ന ഗാനത്തിന് മദൻ കാർക്കിയാണ് വരികൾ കുറിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജ സംഗീതം പകർന്ന് ആന്ദ്രിയ ജെറമിയക്കൊപ്പം ചേർന്നാലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാവായ റാം ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഒക്ടോബർ ഒന്നിനാണ് ചിത്രത്തിന്റെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായി രണ്ടര വർഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
2024 മെയ് 15-ന് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ വിഭാഗത്തിൽ ചിത്രം പ്രീമിയർ ചെയ്തിരുന്നു. കൂടാതെ 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. അഞ്ജലി നായികയാവുന്ന ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏകാംബരമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
മതി വി.എസ് (ചിത്രസംയോജനം), ചന്ദ്രകാന്ത് സോനവാനെ (വസ്ത്രാലങ്കാരം), പട്ടണം റഷീദ് (മേക്കപ്പ്), ഉമേഷ് ജെ. കുമാർ (പ്രൊഡക്ഷൻ ഡിസൈനർ), സ്റ്റണ്ട് സിൽവ (ആക്ഷൻ), സാൻഡി (കൊറിയോഗ്രഫി) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. പി.ആർ.ഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ ‘പേരൻപി’ന് ശേഷം റാമിന്റെ ഫ്രെയിമിൽ മലയാളി താരം നിവിൻ പോളി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
