മെസിയുടെ കേരള സന്ദർശനം ആദ്യം അറിയിച്ചത് 20 ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കമ്പനി, വിലാസം സ്പോൺസറുടേത് തന്നെ

കൊച്ചി: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ നടന്നത് വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പുമാണെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. ടീമിനെ കൊണ്ടുവരാൻ തയാറാണെന്ന് വ്യക്തമാക്കി സർക്കാറുമായി ആദ്യം ആശയവിനിമയം നടത്തിയ കമ്പനിയും പിന്നീട് സ്പോൺസറായി വന്ന മാധ്യമ സ്ഥാപനവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
2023 ജൂലൈ എട്ടിനാണ് മെസിയുടെ സന്ദർശനം സംബന്ധിച്ച് ‘ഗോട്ട് ആഡ് ഗ്ലോബൽ’ എന്ന കമ്പനി സർക്കാറിന് കത്തുനൽകുന്നത്. എന്നാൽ, കത്തുനൽകുന്നതിന് വെറും 20 ദിവസം മുമ്പ് മാത്രം രജിസ്റ്റർ ചെയ്ത ഈ കമ്പനിയുടെ ആകെ മൂലധനം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. ഈ കമ്പനിയുടെയും പിന്നീട് സ്പോൺസർഷിപ്പ് ഏറ്റെടുത്ത റിപ്പോർട്ടർ ടി.വിയുടെയും രജിസ്റ്റർ ചെയ്ത മേൽവിലാസം ഒന്നുതന്നെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അർജന്റീന ടീമിനെ എത്തിക്കാനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാമെന്നാണ് ഈ തുടക്കക്കാരായ കമ്പനി സർക്കാറിനെ അറിയിച്ചിരുന്നത്. എന്നാൽ സ്പോൺസറെ നിശ്ചയിച്ചതിൽ മാനദണ്ഡങ്ങളോ സർക്കാർ ചട്ടങ്ങളോ പാലിച്ചിട്ടില്ല. ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വഴിവിട്ട സഹായം നൽകാനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
യാതൊരുവിധ ആധികാരിക രേഖകളുമില്ലാതെയാണ് ടീം വരുമെന്ന വാഗ്ദാനം നൽകിയതെന്നും ഇതിനുപിന്നിൽ നടന്ന സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വൻ കള്ളക്കളി പുറത്തുകൊണ്ടുവന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മേൽനടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറി.
