മെലിഞ്ഞ് ക്ഷീണിതനായ ഭായിക്ക് എന്തുപറ്റിയെന്ന് ആരാധകര്‍ ; ‘നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്…?’ എന്ന ചുട്ടമറുപടിയും പുത്തന്‍ ചിത്രങ്ങളും പങ്കിട്ട് സല്മാന് ഖാന്

ബോളിവുഡിന്റെ സ്വന്തം ‘ഭായ്ജാൻ’ സൽമാൻ ഖാന്റെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്നാൽ, കഴിഞ്ഞ ദിവസം മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി ഓഫീസിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ട ആരാധകർ അൽപ്പം പരിഭ്രാന്തിയിലായി.
ചടങ്ങിൽ പങ്കെടുത്തതിനേക്കാൾ ഉപരി, താരത്തിന്റെ ക്ഷീണിതനായ രൂപമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. മുൻപെങ്ങുമില്ലാത്തവിധം മെലിഞ്ഞ് ക്ഷീണിതനായി കാണപ്പെട്ട സൽമാന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന ആശങ്ക ആരാധകർ പങ്കുവെച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട ഹീറോയ്ക്ക് പ്രായമാകുകയാണോ?”, “ഭായ്ക്ക് എന്താണ് സംഭവിച്ചത്?” എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്.
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാട്ടുതീ പോലെ പടരുമ്പോൾ, അതിന് തനതായ രസകരമായ ശൈലിയിൽ മറുപടി നൽകിയിരിക്കുകയാണ് സൽമാൻ ഖാൻ.
ഇൻസ്റ്റാഗ്രാമിൽ സ്വന്തം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്…?” എന്നൊരൊറ്റ ചോദ്യത്തിലൂടെയാണ് സൽമാൻ ചർച്ചകൾക്ക് വിരാമമിട്ടത്. പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും ഒട്ടേറെ ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു. പ്രശസ്ത സംവിധായകനും കൊറിയോഗ്രാഫറുമായ റെമോ ഡിസൂസ ഫയർ ഇമോജികളോടെയാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.
