ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ റോക്കറ്റാക്രമണം; തീപിടിച്ച കപ്പൽ നിയന്ത്രണം വിട്ട് ഒഴുകുന്നു

ദുബായ്: ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെ റോക്കറ്റാക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ‘ഡൈനാകോമി’ന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലെ തീ ഇതുവരെ പൂർണ്ണമായി അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കടലിൽ ഒഴുകിനടക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, കപ്പലിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഒമാന്റെ വടക്ക്-പടിഞ്ഞാറൻ സമുദ്രമേഖലയിലാണ് ആക്രമണം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. മേഖലയിൽ ഇന്ന് രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടിരുന്നെങ്കിലും, ഈ പ്രത്യേക ആക്രമണത്തിന് പിന്നിൽ അവരാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
തബ്രിസിൽ യുഎസ് വ്യോമാക്രമണം: ഒരാൾ കൊല്ലപ്പെട്ടു
മറ്റൊരു സംഭവത്തിൽ, ഇറാന്റെ വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തബ്രിസിന് തെക്ക്-പടിഞ്ഞാറുള്ള ഒരു പ്രമുഖ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് പുലർച്ചെയായിരുന്നു യുഎസ് വ്യോമാക്രമണം നടത്തിയത്. മേഖലയിൽ കടുത്ത യുദ്ധപ്രതീതിയാണ് നിലനിൽക്കുന്നത്.
