മൂവാറ്റുപുഴ ജില്ല രൂപീകരണത്തിൽ യുഡിഎഫിൽ ഭിന്നത; ഇടുക്കിയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം

കൊച്ചി: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രധാന പ്രദേശങ്ങൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കണമെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിലപാടിനെതിരെ ശക്തമായ എതിർപ്പുമായി കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രംഗത്തെത്തി. വിഷയം വരുന്ന മുന്നണി യോഗത്തിൽ ഉന്നയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
എറണാകുളത്തിന്റെ കിഴക്കൻ മേഖലകളെക്കൂടി ചേർത്ത് മൂവാറ്റുപുഴ ജില്ല രൂപീകരിക്കാൻ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നാണ് മാത്യു കുഴൽനാടന്റെ വാദം. 1982-ൽ കെ. കരുണാകരൻ തുടക്കമിട്ട ആശയം നടപ്പാക്കാൻ ഇനിയൊരു യു.ഡി.എഫ് സർക്കാറിന് സാധിക്കുമെന്നും, അടുത്തതായി സംസ്ഥാനത്ത് പുതിയ ജില്ല ഉണ്ടാകുകയാണെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ, നിർദിഷ്ട ജില്ല രൂപീകരണം ഇടുക്കി ജില്ലയുടെ നിലനിൽപ്പിനെയും ഭാവികളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ പ്രധാന ശക്തികേന്ദ്രമായ തൊടുപുഴ താലൂക്ക് ഇടുക്കിയിൽനിന്ന് അടർത്തിമാറ്റി മൂവാറ്റുപുഴയോട് ചേർക്കാനുള്ള സാധ്യതയാണ് പാർട്ടി ഹൈക്കമാൻഡിനെ ആശങ്കപ്പെടുത്തുന്നത്.
തൊടുപുഴ താലൂക്ക് വേർപെടുത്തിയാൽ ഇടുക്കിയുടെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ദേവികുളം, പീരുമേട് താലൂക്കുകളിൽ തമിഴ് ജനവിഭാഗങ്ങൾക്ക് ഭൂരിപക്ഷ സ്വാധീനം ലഭിക്കുന്നതോടെ കേരളത്തിന്റെ അതിർത്തി സുരക്ഷയെയും സവിശേഷ സാഹചര്യങ്ങളെയും അത് ബാധിച്ചേക്കാം. മുല്ലപ്പെരിയാർ, മൂന്നാർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന പ്രദേശങ്ങളിന്മേലുള്ള സംസ്ഥാനത്തിന്റെ പിടി അയഞ്ഞുപോകാൻ ഇത്തരം നീക്കം കാരണമാകുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. യു.ഡി.എഫിൽ ഈ വിഷയം വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.
