മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴ. സാധ്യത, താമരശ്ശേരി ചുരത്തിൽ കര്‍ശന ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് വിലക്ക്

വയനാട് ലക്കിടി, വൈത്തിരി മേഖലകളിൽ പെയ്യുന്ന അതിതീവ്ര മഴയെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പാറകൾ അടർന്നുവീഴൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ഇതോടെ ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവക്ക് താമരശ്ശേരി ചുരം വഴി വിലക്കേർപ്പെടുത്തുകയും, ഭാരവാഹനങ്ങളോട് കുറ്റ്യാടി, നാടുകാണി ചുരങ്ങൾ വഴി തിരിഞ്ഞുപോകാൻ നിർദേശിക്കുകയും ചെയ്തു. അതേസമയം KSRTC ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾക്കും ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സർവീസുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ അടിവാരം ചെക്ക് പോസ്റ്റിൽ കൂടുതൽ പോലീസിനെ വിന്യസിക്കാനും, മണ്ണിടിച്ചിൽ ഉണ്ടായാൽ ഉടനടി നീക്കം ചെയ്യുന്നതിനായി 6 മുതൽ 9 വരെയുള്ള ഹെയർപിൻ വളവുകളിൽ ജെ.സി.ബി, മരം മുറിക്കുന്ന ഉപകരണങ്ങൾ എന്നിവയടക്കം റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കാനും കളക്ടർ നിർദേശിച്ചു. പൊതുജന സുരക്ഷ മുൻനിർത്തി കോഴിക്കോട്-വയനാട് ജില്ലകൾക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അഭ്യർഥിച്ച കളക്ടർ, ദുരന്തനിവാരണ നിയമം (2005), മോട്ടോർ വാഹന നിയമം (1988) എന്നിവ പ്രകാരം ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
