‘ഇനി ഏഴ് നാള് കൂടി മാത്രം…’ മകളുടെ വരവറിയിച്ച് ‘തുടക്കം’ സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പങ്കിട്ട് മോഹന്‍ലാല്‍; മീനുവിനെ കാത്തിരിക്കുന്നുവെന്ന് കമന്റുകള്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇനി വെറും ഏഴ് ദിവസം മാത്രമാണ് റിലീസിനുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
‘മീനു’ എന്ന കഥാപാത്രത്തെയാണ് വിസ്മയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുകുട്ടിക്കും വളർത്തു നായയ്ക്കും ഒപ്പമുള്ള വിസ്മയയുടെ ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. ‘2018’ എന്ന വൻ വിജയത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘തുടക്ക’ത്തിനുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലുണ്ട്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ 16 പ്ലസ് (U/A 16+) സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 139.35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ കെ.എസ്. ചിത്ര ആലപിച്ച ‘തളിരോമലേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ലളിതമായ ഒരു കുടുംബ ചിത്രമായിരിക്കും ‘തുടക്കം’ എന്ന് സംവിധായകൻ ജൂഡ് ആന്തണി വ്യക്തമാക്കിയിരുന്നു.
എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയ മോഹൻലാൽ, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാ സമാഹാരവും വിസ്മയയുടേതായി പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിൽ എന്തിനെയും നേരിടാൻ പ്രാപ്തിയുള്ള, ബോൾഡും കൂളുമായ കഥാപാത്രമാണ് ചിത്രത്തിലെ ‘മീനു’ എന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു.
