ഭർത്താവിന് കഫേ സ്റ്റൈൽ ഭക്ഷണം: ‘കിട്ടണം 1000 രൂപ!’; ട്രെൻഡിംഗായി ഭാര്യയുടെ കച്ചവട ഡീൽ, സോഷ്യൽ മീഡിയയിൽ തർക്കം

ഗുഡ്ഗാവ്: റെസ്റ്റോറന്റുകളിലും കഫേകളിലും ലഭിക്കുന്ന അതേ ലുക്കിലും രുചിയിലും വീട്ടിൽ അടിപൊളി ഭക്ഷണമുണ്ടാക്കി നൽകിയാൽ ഭർത്താവ് ഭാര്യക്ക് 1,000 രൂപ നൽകണം! കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഗുഡ്ഗാവിൽ നിന്നുള്ള പ്രിയ എന്ന ഫുഡ് കണ്ടെന്റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരിക്കുകയാണ്. 1.2 മില്യണിലധികം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.
തലമുറകളായി സ്ത്രീകൾ വീടുകളിൽ ഒരു പ്രതിഫലവുമില്ലാതെയാണ് പാചകം ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതെന്നും എന്നാൽ താൻ അതിന് തയ്യാറല്ലെന്നുമാണ് പ്രിയ പറയുന്നത്. “പുറത്തുപോയി ഇതേ ഭക്ഷണം കഴിച്ച് പണം കൊടുക്കാമെങ്കിൽ, എന്തുകൊണ്ട് അത് വീട്ടിൽ വച്ചുതന്നെ ആയിക്കൂടാ? ഇതിലൂടെ പണം കുടുംബത്തിൽ തന്നെ നിൽക്കും, അധ്വാനം അംഗീകരിക്കപ്പെടും, ഒപ്പം ഇരുവരും നല്ല ഭക്ഷണം ആസ്വദിക്കുകയും ചെയ്യും,” പ്രിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
അതേസമയം, വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഉയരുന്നത്. കുടുംബത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ ഇത്തരം പണമിടപാടുകൾ കൊണ്ടുവരുന്നത് ദാമ്പത്യ ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്തുമെന്നും ‘നാളെ കുട്ടികളെ പ്രസവിക്കുന്നതിനും ഇത്തരത്തിൽ പണം ഈടാക്കുമോ’ എന്നുമായിരുന്നു ചിലരുടെ പരിഹാസം.
എന്നാൽ ഈ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്ന പ്രതികരണങ്ങളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഇത് ദമ്പതികൾക്കിടയിലെ ഒരു തമാശയും പരസ്പര ധാരണയുമാണെന്നും, മറ്റൊരു സ്ത്രീക്ക് ലഭിക്കുന്ന സന്തോഷത്തെ എതിർക്കേണ്ടതില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ചെയ്യുന്ന അധ്വാനത്തിന് അംഗീകാരം ലഭിക്കുന്നതിനൊപ്പം പണം സ്വന്തം കുടുംബത്തിലേക്ക് തന്നെയാണ് പോകുന്നതെന്നിരിക്കെ ഇതിൽ തെറ്റില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
