ബെംഗളൂരുവിൽ വയോധികയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി: 21കാരൻ പിടിയിൽ

ബെംഗളൂരു: സ്വർണാഭരണങ്ങൾ കവരാനായി വയോധികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ യുവാവ് പിടിയിൽ. ബെംഗളൂരു കെംഗേരി ചല്ലഘട്ട സ്വദേശിയായ ഗഗൻ ആർ. (21) എന്നയാളെയാണ് കുമ്പളഗോഡു പോലീസ് അറസ്റ്റ് ചെയ്തത്. ചല്ലഘട്ട സ്വദേശി ബോറെ ഗൗഡയുടെ ഭാര്യ ജയമ്മയാണ് (61) കൊല്ലപ്പെട്ടത്.
ജൂലൈ 21ന് ഉച്ചയോടെ രാമഹള്ളിയിലെ തിമ്മപ്പ തടാകത്തിൽ ചുവന്ന സ്യൂട്ട്കേസ് ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി സ്യൂട്ട്കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് ജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ കവരാനുള്ള ലക്ഷ്യത്തോടെയാണ് പ്രതി ജയമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇവരുടെ സ്വർണ്ണമാലയും കമ്മലുകളും കവരുകയായിരുന്നു. തുടര്ന്ന് മൃതദേഹം ചുവന്ന സ്യൂട്ട്കേസിൽ കുത്തിനിറച്ച്, സ്വന്തം മോട്ടോർ സൈക്കിളിൽ വച്ച് തടാകത്തിലെത്തിച്ച് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ കുടുക്കാൻ പോലീസിനെ സഹായിച്ചത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
