‘താരങ്ങളുടെ മക്കൾ സ്വന്തം നഷ്ടങ്ങൾ ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണ്’; വിസ്മയേയും ദുൽഖറിനെയും കുറിച്ച് ശാരദക്കുട്ടി

കോഴിക്കോട്: വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനെയും വിസ്മയ മോഹൻലാലിനെയും പ്രശംസിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. നിർണായക ഘട്ടങ്ങളിൽ സ്വന്തം നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ നിലപാട് വ്യക്തമാക്കാൻ പുതുതലമുറ കാണിക്കുന്ന ധൈര്യം അഭിനന്ദനാർഹമാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുതിർന്ന പല താരങ്ങളും സുരക്ഷിത നിലപാടുകൾ മാത്രം സ്വീകരിക്കുമ്പോൾ, അവരുടെ മക്കൾ നിർഭയരായി പ്രതികരണശേഷി തെളിയിക്കുകയാണെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
“നിർണ്ണായക ഘട്ടങ്ങളിൽ സഹജീവികൾക്ക് നേരെ ഉണ്ടാകുന്ന അനീതിക്കെതിരെ പോലും ശബ്ദിക്കാതെ, കയ്യാലപ്പുറത്തിരുന്ന് സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന പല താരങ്ങളുടെയും മക്കൾ, സ്വന്തം നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണ്. ജനസ്വാധീനമുള്ളവർ എപ്പോഴും സംസാരിക്കണമെന്നില്ല. എന്നാൽ നിർണ്ണായക ഘട്ടങ്ങളിലെ മൗനം ഭീരുത്വമാണ്, ഭീതിദമാണ്,” ശാരദക്കുട്ടി കുറിപ്പിൽ പറഞ്ഞു.
സിനിമയിലെ കഥാപാത്രങ്ങൾ കാണിക്കുന്ന ധാർമ്മിക വീര്യം യഥാർത്ഥ ജീവിതത്തിലും കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. ജനങ്ങൾ ജനപ്രിയ താരങ്ങളുടെ വാക്കുകൾക്ക് വലിയ വില നൽകുന്നുണ്ട്. “നിങ്ങൾ മാറണ്ട, ഞങ്ങൾ നിങ്ങളെ മറികടന്നു പൊയ്ക്കൊള്ളാം” എന്ന കേശവദേവിന്റെ പ്രശസ്തമായ വാചകം ഓർമ്മിപ്പിക്കുന്നതാണ് ഈ പുതിയ തലമുറയുടെ ഇടപെടലുകളെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഗൗരവം പൂർണ്ണമായി ഉൾക്കൊള്ളാത്ത മാതാപിതാക്കൾ മക്കളുടെ സ്വതന്ത്ര ചിന്തകളെ സ്വാധീനിക്കാതിരുന്നാൽ, അത് സമൂഹത്തിൽ വലിയ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും ‘അച്ഛനേക്കാളും മിടുക്കരായാൽ നാളത്തെ നാടിന്റെ നാവ് നീ തന്നെയാകും’ എന്നും ആശംസിച്ചാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
