പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ; ‘ഇത് തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്’; രാഹുൽ ഗാന്ധി

സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നടപടി നീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂർ നീണ്ട രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
യുവാക്കൾക്കെതിരെ വൻ അനീതിയാണ് നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ നിന്നുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടായി. തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഓരോ വിദ്യാർഥിക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നീട്ടിക്കൊണ്ടുപോയതിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആഭ്യന്തര സെക്രട്ടറിയുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കേസെടുക്കണമെന്ന് പൊലീസിലെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നെങ്കിലും ഉന്നതതലത്തിൽ നിന്ന് നീതി തടയാൻ ശ്രമമുണ്ടായതായി അദ്ദേഹം പറഞ്ഞു.
ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാഹിൽ ലോച്ചബിനെയും കൂട്ടിയാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഡി.സി.പിയോട് ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് വഴങ്ങിയില്ല. തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടോടെ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
