നായകനായി ഞെട്ടിച്ച് ലോകേഷ് കനകരാജ്, കളക്ഷനില് വൻ കുതിപ്പുമായി ഡിസി

ചെന്നൈ: ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ (DC) തിയറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഇതുവരെ 58.62 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് വാരിയത്.
റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കിയ ഈ ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിച്ചിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് ‘എ’ (A) സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികൾ.
ചിത്രത്തിൽ ‘ദേവദാസ്’ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നത്. ‘ചന്ദ്ര’ എന്ന നായികാവേഷത്തിൽ വാമിക ഗബ്ബിയെത്തുന്നു. സഞ്ജന കൃഷ്ണമൂർത്തിയാണ് മറ്റൊരു പ്രധാന താരം. പ്രണയത്തിനും പ്രതികാരത്തിനും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേഹം.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. മുകേഷ് ജി ഛായാഗ്രഹണവും ജി.കെ. പ്രസന്ന എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അരുൺ രഞ്ജന്റേതാണ് അഡീഷണൽ സ്ക്രീൻപ്ലേ. അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ് എന്നിവർ ചേർന്നാണ് സംഭാഷണം തയാറാക്കിയിരിക്കുന്നത്. പി.സി. സ്റ്റണ്ട്സ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
