‘നടനാകാനുള്ള സൗന്ദര്യമൊന്നും എനിക്കുണ്ടായിരുന്നില്ല , ഒരു ധൈര്യത്തിന്റെ പുറത്ത് പോയി അഭിനയിച്ചതാണ് ‘ ; മോഹന്ലാല്

മകൾ വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലെത്തിയ പശ്ചാത്തലത്തിൽ, തന്റെ സിനിമാജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് നടൻ മോഹൻലാൽ. അമൃത ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകളുടെ അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വന്തം തുടക്കകാലത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നത്.
പഴയകാലത്ത് സിനിമാരംഗത്തേക്ക് കടന്നുവരുന്നത് എളുപ്പമായിരുന്നില്ലെന്ന് മോഹൻലാൽ ഓർത്തെടുത്തു. “പ്രീ-ഡിഗ്രി പഠനകാലത്താണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അന്ന് സിനിമയിലെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. നിരവധി പേർ മദ്രാസിൽ പോയി കഷ്ടപ്പെട്ടിട്ടും പരാജയപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ അച്ഛനും അമ്മയ്ക്കും ഞാൻ സിനിമയിൽ അഭിനയിക്കുന്നതിൽ വിശ്വാസമുണ്ടായിരുന്നില്ല. ഡിഗ്രി പൂർത്തിയാക്കി ഏതെങ്കിലും സർക്കാർ ജോലി നേടണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ എനിക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർ നൽകിയിരുന്നു” – മോഹൻലാൽ പറഞ്ഞു.
തന്റെ ആദ്യകാല സിനിമാമോഹങ്ങളെക്കുറിച്ചും ലളിതമായ രീതിയിൽ അദ്ദേഹം സംസാരിച്ചു: “ഒരു നടനാകാൻ ആവശ്യമായ പ്രത്യേക കഴിവോ ശാരീരിക സൗന്ദര്യമോ അന്ന് എനിക്കുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തമായി അറിയാതെ, ഒരു ധൈര്യത്തിന്റെയും സൗഹൃദങ്ങളുടെയും ബലത്തിൽ പോയി അഭിനയിക്കുകയായിരുന്നു. അവരും ഞാനും പ്രതീക്ഷിക്കാത്ത ഒരു വഴിയിലൂടെയാണ് ഇവിടം വരെ എത്തിയത്”. ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ’ സെറ്റിൽ വെച്ചാണ് ബി.കോം പാസായ വിവരമറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം മക്കൾക്ക് നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ചും മോഹൻലാൽ അഭിമുഖത്തിൽ വ്യക്തമാക്കി: “അന്ന് അച്ഛനമ്മമാർ എനിക്ക് നൽകിയ അതേ സ്വാതന്ത്ര്യം ഞാനും സുചിയും മക്കൾക്കും നൽകിയിട്ടുണ്ട്. അവർക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാം. അപ്പുവിന് (പ്രണവ്) തുടക്കത്തിൽ സിനിമയിൽ താല്പര്യമില്ലായിരുന്നുവെങ്കിലും പിന്നീട് കടന്നുവന്നു. അതിനെ കാലത്തിന്റെ നിയോഗമായാണ് കാണുന്നത്. സ്കൂൾ പഠനകാലത്ത് ഞാൻ ബെസ്റ്റ് ആക്ടറായതുപോലെ അപ്പുവും മായയും സ്കൂളിൽ വെച്ച് ആ പുരസ്കാരം നേടിയിട്ടുണ്ട്. മായയ്ക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ പൂർണ്ണ പിന്തുണ നൽകി. ഞാൻ തുടങ്ങുന്ന കാലത്ത് ഒന്നുമില്ലായിരുന്നു, ശൂന്യതയിൽ നിന്നാണ് കയറിവന്നത്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് സൗകര്യങ്ങളുണ്ട്. ഇനി കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്”.
വിസ്മയ മോഹൻലാലിനും ‘തുടക്കം’ സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫിനുമൊപ്പമാണ് മോഹൻലാൽ അഭിമുഖത്തിൽ പങ്കെടുത്തത്.
